മാനസിക സമ്മർദം ആരോഗ്യത്തിന് വളരെ ദോഷകരമാണ്. ജോലി സമ്മർദം മൂലം നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നവരാണ് നമ്മൾ. പ്രത്യേകിച്ചും സ്ത്രീകളിൽ ഈ സമ്മർദ്ദം വിവിധ തരത്തിൽ ബാധിക്കാം. വിട്ടുമാറാത്ത സ്‌ട്രെസും ആശങ്കയും ക്രമരഹിതമായ ആർത്തവചക്രം, വേദന, അസ്വസ്ഥത തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. 25നു 35നും ഇടയിൽ പ്രായമായ നിരവധി യുവതികൾ നേരിടുന്ന വലിയൊരു പ്രശ്നമാണിത്. ഭാവിയിൽ പല സ്ത്രീകൾക്കും ഇത് ദോഷമായി ഭവിക്കാറുണ്ട്.
വൈകിയുള്ള ജോലി സമയം, സാമ്പത്തിക ബാധ്യത, ബന്ധങ്ങളിലെ പ്രശ്നങ്ങൾ തുടങ്ങിയവ വിട്ടുമാറാത്ത സമ്മർദങ്ങൾക്ക് കാരണമാകാം. ക്രമരഹിതമായ ആർത്തവചക്രം, കനത്ത രക്തസ്രാവം, വേദനാജനകമായ ആർത്തവം എന്നിവയുമായി സമ്മർദം ബന്ധപ്പെട്ടിരിക്കുന്നു. സാധാരണ ആർത്തവചക്രത്തിന്റെ ദൈർഘ്യം 25 മുതൽ 35 ദിവസം വരെയാണ്. 25 ദിവസത്തിന് മുമ്പോ 35 ദിവസത്തിന് ശേഷമോ വരുന്ന ആർത്തവചക്രം അസാധാരണമാണ്.
ഉയർന്ന തോതിലുള്ള സമ്മർദം ആർത്തവചക്രം ചെറുതാകാനും ദീർഘമാകാനും കാരണമാകും.ഓരോ വ്യക്തിയും സമ്മർദത്തോട് വ്യത്യസ്തമായാണ് പ്രതികരിക്കുന്നത്. സമ്മർദം ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്നതിന് കൃത്യമായ സ്കെയിൽ ഇല്ല. സമ്മർദം ശരീരത്തിൽ ഉയർന്ന അളവിൽ കോർട്ടിസോൾ ഉൽപാദനത്തിന് കാരണമാകുന്നു. ഇത് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു.
ഫോളിക്കിളിന്റെയോ അണ്ഡത്തിന്റെയോ ക്രമമായ വളർച്ച ഉണ്ടാകുമ്പോഴാണ് ആർത്തവചക്രം സംഭവിക്കുന്നത്. എന്നാൽ സമ്മർദം വർധിക്കുന്നതോടെ തലച്ചോറിലെ ഹൈപ്പോതലാമസിൽ നിന്ന് പുറത്തുവരുന്ന ചില രാസവസ്തുക്കളുടെ സന്തുലിതാവസ്ഥ അസ്വസ്ഥമാവുകയും ആർത്തവം ക്രമരഹിതമാവുകയും ചെയ്യുന്നു. സമ്മർദം ശരീരത്തിന് അണ്ഡോത്പാദനം വൈകിപ്പിക്കാനോ പൂർണമായും തടസപ്പെടുത്താനോ കാരണമാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. അതിനാൽ കടുത്ത മാനസിക സമ്മർദം തോന്നുമ്പോൾ മനസിനെ ശാന്തമാക്കാൻ മറ്റ് വഴികൾ തേടുന്നത് നല്ലതാണ്.
സമ്മർദത്തിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് പതിവായി വ്യായാമം ചെയുന്നത് പ്രയോജമാകും. ഇത് സമ്മർദത്തെ ചെറുക്കാനുള്ള പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു. വ്യായാമം ചെയ്യുമ്പോൾ ശരീരത്തിൽ രക്തയോട്ടം മികച്ചതായിരിക്കും. കൂടാതെ 7 മുതൽ 8 മണിക്കൂർ വരെ ഉറക്കം അത്യാവശ്യമാണ്. നന്നയി ഉറങ്ങിയാൽ മാനസിക സമ്മർദം കുറയ്ക്കാനാകും. അതേപോലെ യോഗയും പ്രാണായാമവും സമ്മർദം നിയന്ത്രിക്കാൻ സഹായിക്കും. പ്രത്യേകിച്ച് വന്ധ്യതാ ചികിത്സയ്ക്ക് വിധേയരായ ദമ്പതികൾക്ക്. കൂടാതെ നല്ല സുഹൃത്ത് ബന്ധങ്ങൾ സൃഷ്ടിക്കുക എന്നിവയിലൂടെ ഒരു പരിധിവരെ സമ്മർദം കുറയ്ക്കാൻ കഴിയും.
