സപ്ലൈക്കോയ്ക്ക് ആവശ്യത്തിന് തുക അനുവദിച്ചില്ല; അതൃപ്തി അറിയിച്ച് മന്ത്രി

ദില്ലി: സപ്ലൈക്കോയ്ക്ക് മതിയായ തുക അനുവദിച്ചില്ലെന്ന അതൃപ്തി പരസ്യമാക്കി ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. സപ്ലൈക്കോയ്ക്ക് നിലവിലെ സാഹചര്യത്തില്‍ 500 കോടി രൂപയെങ്കിലും ആവശ്യമാണെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ഇപ്പോള്‍ അനുവദിച്ച 100 കോടി രൂപ തികയില്ലെന്നും കൂടുതല്‍ തുക അനുവദിക്കണമെന്ന ആവശ്യവുമായി ഉടന്‍ ധനമന്ത്രിയെ കാണുമെന്നും ജി ആര്‍ അനില്‍ ദില്ലിയില്‍ പറഞ്ഞു.

ഓണ വിപണയില്‍ സപ്ലൈക്കോ ഫലപ്രദമായി ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ പൊതു വിതരണ മേഖലയെ സംബന്ധിച്ച പ്രശ്‌നങ്ങള്‍ കേന്ദ്രത്തിനു മുന്‍പില്‍ അവതരിപ്പിച്ചു. അനുകൂല സമീപനമാണ് കേന്ദ്രത്തില്‍ നിന്നും ഉണ്ടായത്. സപ്ലൈയ്‌ക്കോ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ ലേലത്തില്‍ പങ്കെടുക്കാം. കേന്ദ്രം ഏര്‍പ്പെടുത്തിയ നിരോധനം മാറ്റമെന്ന് സമ്മതിച്ചു.

കഴിഞ്ഞ ആറു മാസത്തിനിടയില്‍ ശരാശരി 82 ശതമാനത്തിലധികം ആളുകള്‍ റേഷന്‍ കടകളില്‍ നിന്നും സാധനം വാങ്ങി. റേഷന്‍ കടകളില്‍ പോയാല്‍ അരി കിട്ടില്ല എന്ന വാദം തെറ്റാണ്. ഒരാള്‍ക്ക് പോലും അരി കിട്ടാതെ തിരിച്ചു പോകേണ്ടി വരാറില്ല. ലോറി തൊഴിലാളികള്‍ സമരം ചെയ്തപ്പോള്‍ വാര്‍ത്ത വന്നത് അരി മുടങ്ങി എന്നാണ്. എന്നാല്‍, ആ മാസം 1.5ശതമാനത്തോളം കൂടുതല്‍ വിതരണം നടന്നു. റേഷന്‍ വിതരണത്തിലെ പ്രതിമാസ സീലിംഗ് പാദ വാര്‍ഷികമാക്കാമെന്നു കേന്ദ്രം സമ്മതിച്ചു. ഈ ഓണത്തിന് അത് പ്രയോജനപ്പെടുത്താനാകും.


സപ്ലൈക്കോയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച തുക പരിമിതമാണ്. ധനകാര്യ മന്ത്രിയുമായി ഇക്കാര്യം സംസാരിക്കും. കുറഞ്ഞത് 500 കോടിയെങ്കിലും വേണം. സപ്ലൈക്കോ വില്പന ഇപ്പോള്‍ വര്‍ധിക്കുന്നുണ്ട്. വിതരണക്കാര്‍ പല പ്രശ്‌നങ്ങളും അനുഭവിക്കുന്നുണ്ട്. സപ്ലൈക്കോയ്ക്ക് സാധനം നല്‍കിയാല്‍ വില കിട്ടില്ല എന്നൊരു തെറ്റിദ്ധാരണ ഉണ്ട്. ഓണ മാര്‍ക്കറ്റില്‍ സപ്ലൈക്കോ ഫല പ്രദമായി ഇടപെടും. നെല്‍കര്‍ഷകര്‍ക്കുള്ള കുടിശ്ശിക തുക നല്‍കി വരികയാണ്. കഴിഞ്ഞ വര്‍ഷത്തെ ഒന്നാം വിള നെല്ലിന്റെ പണം മുഴുവനായി കൊടുത്തു ആര്‍ക്കും ബാക്കിയില്ലെന്നും മന്ത്രി ജിആര്‍ അനില്‍ പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: