Headlines

സപ്ലൈകോ വില കൂട്ടൽ; സബ്സിഡി ഉല്പന്നങ്ങളുടെ പുതിയ വില ഇങ്ങനെ….

തിരുവനന്തപുരം: സപ്ലൈക്കോ സബ്സിഡി നിരക്കിൽ നൽകുന്ന സാധനങ്ങളുടെ വില കൂട്ടി. മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് വില കൂടുന്നത്. പതിമൂന്നു സാധനങ്ങളുടെ വിലയാണ് കൂട്ടിയത്. സബ്സിഡി ഉൽപ്പന്നങ്ങൾക്ക് വിപണി വിലയിലും 35% മാത്രമാകും വില കുറവ്. ഇതുവരെ 70%വരെ വിലക്കുറവ് ഉണ്ടായിരുന്നു. ഇനി മുതൽ വിപണിവില കൂടുന്നതും കുറയുന്നതും അനുസരിച്ച് സബ്സിഡി ഉൽപ്പന്നങ്ങളുടെ വിലയിൽ മാറ്റംവരുത്താനും തീരുമാനിച്ചു.

ഇനിമുതൽ വിപണിവില കൂടുന്നതും കുറയുന്നതും അനുസരിച്ച് സബ്സിഡി ഉൽപന്നങ്ങളുടെ വിലയിൽ മാറ്റം വരുത്താനും തീരുമാനിച്ചു. സബ്സിഡി സാധനങ്ങളുടെ വില കൂട്ടേണ്ടെന്ന ഒന്നാം പിണറായി സർക്കാരിന്റെ തീരുമാനമാണ് ഇതോടെ മാറുന്നത്. അതുവരെ, വിപണി വിലയ്ക്ക് അനുസൃതമായി നിശ്ചിത നിരക്കിൽ സബ്സിഡി നൽകുന്ന രീതിയാണ് സപ്ലൈകോ പിന്തുടർന്നിരുന്നത്.

പുതിയ നിരക്ക് അനുസരിച്ച് ചെറുപയര്‍ ഒരു കിലോ 92 രൂപ, ഉഴുന്ന് ഒരുകിലോ 95, വന്‍കടല ഒരു കിലോ 69 , വന്‍ പയര്‍ 75 , തുവരപരിപ്പ് 111, മുളക് അരിക്കിലോ 82, മല്ലി അരക്കിലോ 39, പഞ്ചസാര ഒരു കിലോ 27, വെളിച്ചെണ്ണ അരലിറ്റര്‍ 55, കുറുവ അരി 30 , മട്ട അരി 30, പച്ചരി 26 എന്നിങ്ങനെയായിരിക്കും വിലയെന്ന് മന്ത്രി പറഞ്ഞു.

നേരത്തെ ചെറുപയര്‍ 74, ഉഴുന്ന് 66, വന്‍കടല 43, വന്‍ പയര്‍ 45, തുവരപരിപ്പ് 65, മുളക് 75, മല്ലി 39 രൂപ 50 പൈസ, പഞ്ചസാര 22, വെളിച്ചെണ്ണ 46, കുറവ അരി 25, മട്ട അരി 25, പച്ചരി 23 എന്നിങ്ങനെയായിരുന്നു വില.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ തിരിച്ചടി ഭയന്ന് വിലകൂട്ടാൻ സർക്കാർ ഇതുവരെ മടിച്ചുനിൽക്കുകയായിരുന്നു. വില കൂട്ടുന്നതിനു ഭക്ഷ്യവകുപ്പ് നൽകിയ ശുപാർശ മന്ത്രിസഭായോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്താതെ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, വില കൂട്ടിയില്ലെങ്കിൽ സപ്ലൈകോയുടെ സാമ്പത്തികസ്ഥിതി പരിതാപകരമാകുമെന്നതും കൂടുതൽ ഫണ്ട് അനുവദിക്കാൻ സർക്കാരിനു നിർവാഹമില്ലെന്നതും കണക്കിലെടുത്താണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.

വില കൂട്ടുന്നതിന് എൽഡിഎഫ് നേരത്തേ അനുമതി നൽകിയിരുന്നു. ഭക്ഷ്യ–പൊതുവിതരണ വകുപ്പ് നിയോഗിച്ച വിദഗ്ധ സമിതി ഡിസംബർ അവസാനം ഇതിനുള്ള ശുപാർശ നൽകി. വിപണിവിലയിൽ 25% സബ്സിഡി അനുവദിച്ചാൽ മതിയെന്നായിരുന്നു എൽഡിഎഫ് യോഗത്തിലെ തീരുമാനം. എന്നാൽ, 35% എന്ന ഭക്ഷ്യ–പൊതുവിതരണ വകുപ്പിന്റെ ശുപാർശ ഒടുവിൽ അംഗീകരിച്ചു.

സബ്സിഡി നിരക്കിൽ 13 സാധനങ്ങൾ നൽകുന്നതിന് ഒരു വർഷം 350 കോടി രൂപയാണു സപ്ലൈകോയുടെ ചെലവ്. നിലവിൽ 1000 കോടി രൂപയിലേറെ വിതരണക്കാർക്കു കുടിശികയുണ്ട്. മാസം 40 ലക്ഷം വരെ റേഷൻ കാർഡ് ഉടമകളാണു സപ്ലൈകോയിലെത്തി സബ്സിഡി സാധനങ്ങൾ വാങ്ങുന്നത്. എന്നാൽ 6 മാസത്തിലേറെയായി പല സാധനങ്ങളും വിൽപനശാലകളിൽ ഇല്ല.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: