തിരുവനന്തപുരം: സപ്ലൈക്കോ വിതരണം ചെയ്യുന്ന 13 അവശ്യസാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ എൽഡിഎഫ് യോഗം അനുമതി നൽകി. ഏഴു വർഷത്തിനു ശേഷമാണ് വില വർദ്ധന. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില കൂടുന്നത്. ഉചിതമായ സമയത്ത് തീരുമാനം എടുക്കാൻ ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന് മുന്നണി അനുവാദം നൽകി.
അവശ്യസാധനങ്ങള്‍ക്ക് 25% ശതമാനം വില കൂട്ടാനുള്ള നിർദ്ദേശമാണ് മുന്നണി യോഗത്തിൽ മന്ത്രി അവതരിപ്പിച്ചത്. എന്നാൽ, നിലവിൽ എത്ര ശതമാനം വർദ്ധനവാണ് വരുത്തേണ്ടതെന്ന് യോഗം തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
വിലക്കയറ്റം പിടിച്ചുനിർത്താനെന്ന പേരിൽ 7 വർഷമായി ഒരേ വിലയ്ക്കു വിൽപന നടത്തുന്ന 13 ഇനം സബ്സിഡി സാധനങ്ങളുടെ വില അടിയന്തരമായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സപ്ലൈകോ സർക്കാരിനെ സമീപിച്ചിരുന്നു. രൂക്ഷമായ സാമ്പത്തികപ്രതിസന്ധി മറികടക്കാൻ ഇതല്ലാതെ വഴിയില്ലെന്നായിരുന്നു സപ്ലൈകോയുടെ വാദം. 500 കോടി രൂപയുടെ സഹായം ഉടനടി ലഭിക്കാതെ തൽക്കാലം പിടിച്ചു നിൽക്കാനാവില്ലെന്നും സപ്ലൈകോ അധികൃതർ ചർച്ചകളിൽ സർക്കാരിനെ അറിയിച്ചിരുന്നു. 11 വർഷമായി വിപണി ഇടപെടൽ നടത്തിയ ഇനത്തിൽ 1525.34 കോടി രൂപയാണു സർക്കാർ സപ്ലൈകോയ്ക്കു നൽകാനുള്ളത്.

