ഈ ഓണക്കാലത്ത് സപ്ലൈകോ റെക്കോർഡ് വിൽപ്പനയുമായി ചരിത്രപരമായ നേട്ടം കൈവരിച്ചു. 300 കോടി രൂപയുടെ വിൽപ്പനയാണ് സപ്ലൈകോ ഈ വർഷം ലക്ഷ്യമിട്ടിരുന്നതെങ്കിലും, ഇതുവരെ 319.3 കോടി രൂപയുടെ ഉൽപ്പന്നങ്ങളാണ് വിറ്റഴിച്ചത്. കഴിഞ്ഞ ദിവസത്തെ മാത്രം വിൽപ്പന 21 കോടിയിലധികം രൂപയെന്നത് സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന വിൽപ്പനയാണ്. ഏകദേശം 49 ലക്ഷം ഉപഭോക്താക്കളാണ് ഓണക്കാലത്ത് സപ്ലൈകോയുടെ വിൽപ്പനശാലകൾ സന്ദർശിച്ചത്.
സംസ്ഥാന സർക്കാർ സമയബന്ധിതമായി വിപണിയിൽ നടത്തിയ ഇടപെടലുകളാണ് വിലക്കയറ്റം നിയന്ത്രിക്കാനും അവശ്യസാധനങ്ങൾ സുലഭമായി ലഭ്യമാക്കാനും സഹായിച്ചതെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ഉത്സവകാലങ്ങളിൽ സാധാരണയായി ഭക്ഷ്യവസ്തുക്കൾക്ക് വില കൂടാൻ സാധ്യതയുണ്ട്. എന്നാൽ ഈ സാഹചര്യം മുൻകൂട്ടി കണ്ട് സപ്ലൈകോയും പൊതുവിതരണ വകുപ്പും വിപണിയിൽ ഫലപ്രദമായി ഇടപെട്ടത് ജനങ്ങൾക്ക് വലിയ ആശ്വാസമായി.
സാധാരണയായി റേഷൻ കാർഡിന് 8 കിലോഗ്രാം അരിയാണ് സബ്സിഡി നിരക്കിൽ സപ്ലൈകോ വഴി ലഭിച്ചിരുന്നത്. ഓണത്തോടനുബന്ധിച്ച് ഇതിനു പുറമേ 25 രൂപ നിരക്കിൽ 20 കിലോഗ്രാം പച്ചരിയോ പുഴുക്കലരിയോ പ്രത്യേകമായി നൽകി. ഈ മാസം മാത്രം 92.8 ലക്ഷം കിലോഗ്രാം അരിയാണ് ഇങ്ങനെ വിറ്റഴിച്ചത്. പ്രമുഖ റീട്ടെയിൽ ശൃംഖലകളോട് മത്സരിക്കാൻ കഴിയുന്ന തരത്തിൽ ഇത്തവണ ബ്രാൻഡഡ് എഫ്.എം.സി.ജി. (FMCG) ഉൽപ്പന്നങ്ങളുടെ വലിയ ശേഖരം സപ്ലൈകോ ഒരുക്കിയിരുന്നു. 250-ൽ അധികം ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് പ്രത്യേക വിലക്കുറവും ഓഫറുകളും ഓണത്തിന് നൽകി. സപ്ലൈകോ പുറത്തിറക്കിയ ‘ഓണം ഗിഫ്റ്റ്’ പദ്ധതിക്കും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് മന്ത്രി അറിയിച്ചു
