ന്യൂഡൽഹി: ആം ആദ്‌മി പാർട്ടിയുടെ ദേശീയ ആസ്ഥാനം ജൂൺ 15നകം ഒഴിയണമെന്ന് സുപ്രീം കോടതി. ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് എഎപിക്ക് സ്ഥലം ഒഴിയാൻ കോടതി അധിക സമയം നൽകുകയായിരുന്നു.
ജൂൺ പതിനഞ്ചിനകം റോസ് അവന്യുവിന് സമീപമുള്ള കെട്ടിടം ഒഴിയണമെന്നാണ് നിർദേശം. കയ്യേറ്റ ഭൂമിയിലാണ് ഓഫീസ് പ്രവർത്തിക്കുന്നതെന്നു കണ്ടാണ് നടപടി.
ജില്ലാ കോടതി വിപുലീകരിക്കുന്നതിനായി ഡൽഹി ഹൈക്കോടതിക്ക് അനുവദിച്ച സ്ഥലത്താണ് എഎപി ഓഫീസ് സ്ഥിതി ചെയ്യുന്നത് എന്ന് ചൂണ്ടികാട്ടിയാണ് സുപ്രീം കോടതി സ്ഥലം ഒഴിയാൻ ഉത്തരവിട്ടത്.
ഓഫീസിനായി ഭൂമി അനുവദിക്കുന്നതിനായി ലാൻഡ് ആൻഡ് ഡെവലപ്മെൻ്റ് ഓഫീസിനെ സമീപിക്കാനും എഎപിയോട് സുപ്രീം കോടതി നിർദേശിച്ചു.
എഎപിയുടെ അപേക്ഷ നാലാഴ്ചയ്ക്കകം പരിഗണിക്കാൻ ലാൻഡ് ആൻഡ് ഡെവലപ്മെന്റ് ഓഫീസിന് നിർദേശം നൽകിയിട്ടുണ്ട്. നിശ്ചിത സമയത്തിനകം തീരുമാനം അറിയിക്കാനും വകുപ്പിനോട് കോടതി ആവശ്യപ്പെട്ടു.

