ന്യൂഡൽഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹോങ്കോംഗ്, സിംഗപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം പെട്ടെന്ന് വർദ്ധിച്ചതിനാൽ, ഇന്ത്യയിലും നിരീക്ഷണം ശക്തമാക്കി. കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ-1 ആണ് പകരുന്നത്. ഒമിക്രോൺ ഉപവിഭാഗമാണിത്. മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ കേസുകൾ ക്രമാതീതമായി വർധിച്ചതിനാൽ കേന്ദ്രസർക്കാർ പ്രത്യേക യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ, ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ വിദഗ്ധർ, എമർജൻസി റിലീഫ് ഡിവിഷൻ എന്നിവയുടെ അവലോകന യോഗമാണ് ഡൽഹിയിൽ ചേർന്നത്. നിലവിൽ രാജ്യത്ത് 257 കോവിഡ് രോഗികളാണ് ഉള്ളതെന്നും ഗുരുതരാവസ്ഥയിൽ ആരും ഇല്ലെന്നുമാണ് റിപ്പോർട്ട്. ശ്വാസകോശരോഗ നിരീക്ഷണത്തിനായി സമഗ്ര നിരീക്ഷണ സംവിധാനം രാജ്യത്ത് നിലവിലുണ്ട്.
നേരത്തേ വാക്സിൻ സ്വീകരിച്ചവരിൽ ആന്റിബോഡി അളവ് ഇപ്പോൾ കുറഞ്ഞുകാണുമെന്നതിനാൽ പ്രതിരോധശേഷി പഴയതുപോലെ ഉണ്ടാവില്ല. അതിനാലാണ് കൂടുതൽ ജാഗ്രത പുലർത്തുന്നത്. സിങ്കപ്പൂരിൽ കഴിഞ്ഞയാഴ്ച മാത്രം 14,200 കോവിഡ് കേസുകൾ കണ്ടെത്തിയിരുന്നു. അധികം അപകടകാരിയല്ലെങ്കിലും വളരെ വേഗത്തിൽ പകരുന്നതാണ് വൈറസിന്റെ പുതിയ വകഭേദം. കോവിഡിന്റെ സാധാരണ ലക്ഷണങ്ങൾ തന്നെയാണ് ജെഎൻ-1 വകഭേദത്തിനും എന്നാണ് വിവരം.
അതേസമയം ഒരു പരിധിവരെ നിരീക്ഷണം വർദ്ധിപ്പിക്കേണ്ടത് പ്രധാനമാണ്. തിരക്കേറിയ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നത് അത്തരമൊരു ലളിതമായ മുൻകരുതലാണ്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ എല്ലാവരും വായ പൊത്തണം. എന്നിരുന്നാലും, മരണനിരക്ക് ഇപ്പോഴും വളരെ കുറവായതിനാൽ, മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല. എല്ലാ ശ്വാസകോശ രോഗങ്ങളെയും പോലെ, പ്രായമായവരും അനുബന്ധ രോഗങ്ങളുള്ളവരും ശ്രദ്ധിക്കേണ്ടതുണ്ട്.
