Headlines

എതിർകക്ഷിക്കൊപ്പം ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് സംശയം; അഭിഭാഷകനെ കൊലപ്പെടുത്തി പെട്രോളൊഴിച്ച് കത്തിച്ചു

നാഗർകോവിൽ: അഭിഭാഷകനെ കൊലപ്പെടുത്തി മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു. തമിഴ്നാട്ടിലെ ഭീമനഗരി സത്യാൻകുളക്കരയിലാണ് സംഭവം. തക്കല കുമാരപുരം സ്വദേശി അഡ്വക്കേറ്റ് ക്രിസ്റ്റഫർ സോഫി (50)യാണ് കൊല്ലപ്പെട്ടത്. എതിർകക്ഷിക്കൊപ്പം ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് അഭിഭാഷകന്റെ കക്ഷിക്കാരനായ തിരുപ്പതിസാരം സ്വദേശി ഇശക്കി മുത്തു (40) ക്രിസ്റ്റഫർ സോഫിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചത്.


ഇന്നലെ രാവിലെയാണ് ഭീമനഗരി സത്യാൻകുളക്കരയിൽ കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ കഴിയാത്ത നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആരുവാമൊഴി ഇൻസ്‌പെക്ടർ അൻപ് പ്രകാശും സംഘവും സ്ഥലത്തെത്തി സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇശക്കി മുത്തു അഭിഭാഷകനെ ബൈക്കിൽ കൊണ്ടുപോകുന്ന ദൃശ്യം ലഭിച്ചു. തുടർന്ന് ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കേസിന്റെ ചുരുളഴിഞ്ഞത്.

മുത്തുവിന്റെ ഒരു വസ്തുതർക്ക കേസ് വാദിച്ചിരുന്നത് കൊല്ലപ്പെട്ട അഭിഭാഷകനായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കേസിന്റെ ആവശ്യത്തിനായി അഭിഭാഷകൻ ചോദിച്ചപ്പോൾ വസ്തുവിന്റെ വിശദാംശങ്ങളടങ്ങിയ രേഖകൾ കൈമാറിയിരുന്നു. അഭിഭാഷകൻ പ്രതിഭാഗത്തിന് ഒപ്പം ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് മനസ്സിലായപ്പോൾ പ്രമാണം ഉൾപ്പെടെയുള്ള രേഖകൾ തിരികെ ചോദിച്ചുവെന്നും എന്നാൽ നൽകാൻ തയ്യാറായിരുന്നില്ലെന്നും മുത്തു പൊലീസിന് മൊഴി നൽകി. ഇതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്.

ഇതിനിടയിൽ വാഴക്കന്ന് ചോദിച്ച് അഭിഭാഷകൻ ഇശക്കി മുത്തുവിനെ സമീപിച്ചു. വാഴക്കന്ന് നൽകാമെന്ന് പറഞ്ഞ് ബൈക്കിൽ കൂട്ടിക്കൊണ്ട് പോയി ഭീമനഗരിയിലെ കുളക്കരയിൽ എത്തിയപ്പോൾ വെട്ടിക്കൊലപ്പെടുത്തുകയും ശേഷം വണ്ടിയിലെ പെട്രോൾ ഉപയോഗിച്ച് മൃതദേഹം അഗ്‌നിക്കിരയാക്കുകയും ചെയ്തായി ഇശക്കിമുത്തു പൊലീസിനോട് സമ്മതിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: