തിരുവനന്തപുരം:പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഒന്ന്, മൂന്ന്, നാല്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പുതുക്കിയ പാഠ പുസ്തകങ്ങൾ 2024 ൽ സ്‌കൂൾ തുറക്കുന്നതോടെ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഇതിനകം 3 കരട് ചട്ടക്കൂടുകൾ പുറത്തിറക്കികഴിഞ്ഞു. സ്‌കൂൾ വിദ്യാഭ്യാസം, പ്രീസ്‌കൂൾ വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസവും തുടർവിദ്യാഭ്യാസവും എന്നിവയാണിവ.
കൂടാതെ ടീച്ചർ ടെക്സ്റ്റ്, ഡിജിറ്റൽ ടെക്സ്റ്റ്,
രക്ഷിതാക്കൾക്കുള്ള ടെക്സ്റ്റ് എന്നിവയും
തയ്യാറാക്കും. നിരവധി ജനകീയ ചർച്ചകൾക്ക് ശേഷമാണ് പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഈ ഘട്ടത്തിൽ എത്തി നിൽക്കുന്നത്. ചർച്ച നടന്നിട്ടില്ല എന്ന വാദം തീർത്തും തെറ്റാണെന്നും മന്ത്രി പറഞ്ഞു. പാഠ്യപദ്ധതി പരിഷ്‌കരണ നടപടികൾ ഏവർക്കും മാതൃകയാക്കുന്ന തരത്തിലാണ് കേരളം നടത്തിയിട്ടുള്ളത്.ജനകീയ ചർച്ചകൾ സംഘടിപ്പിച്ചും ആദ്യമായി ക്ലാസുകളിൽ കുട്ടികളോട് ചോദിച്ചും ചർച്ചകൾ നടത്തിയുമാണ് പാഠ്യപദ്ധതി വികസിപ്പിക്കുന്നത്. ഏവർക്കും ഈ ചർച്ചകളിൽ പങ്കെടുക്കാനുള്ള അവസരം നൽകി എന്നും മന്ത്രി കൂട്ടിച്ചേർത്തു.
