ചെന്നൈ: പ്രമുഖ തമിഴ് നടൻ ആർഎസ് ശിവാജി അന്തരിച്ചു. 66 വയസായിരുന്നു. തിങ്കളാഴ്ച ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. നിരവധി തമിഴ് സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.
നടനും നിർമാതാവുമായ എംആർ സന്താനത്തിന്റെ മകനായി 1956ലാണ് ജനനം. 1980കളിലാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ശിവാജി നിരവധി കാരക്റ്റർ റോളുകളിലും എത്തി. നടൻ കമൽഹാസനുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. നിരവധി കമൽ സിനിമകളിൽ അദ്ദേഹം വേഷമിട്ടു. അഭിനയം കൂടാതെ അസിസ്റ്റന്റ് ഡയറക്ടർ, സൗണ്ട് ഡിസൈൻ, ലൈൻ പ്രൊഡക്ഷൻ എന്നീ മേഖലകളിലും കൈവച്ചു.
വിക്രം ,അപൂർവ സഹോദരങ്ങൾ, കൊലമാവ് കോകില, ധാരാള പ്രഭു തുടങ്ങിയ നിരവധി സിനിമകളിൽ വേഷമിട്ടു. ഇന്നലെ റിലീസ് ചെയ്ത യോഗി ബാബു ചിത്രം ലക്കിമാൻ ആണ് അവസാന ചിത്രം. ശിവാജിയുടെ സഹോദരൻ സന്താന ഭാരതിയും തമിഴിൽ അറിയപ്പെടുന്ന നടനാണ്.
