വേദിയിൽ കുഴഞ്ഞു വീണ് തമിഴ് നടൻ വിശാൽ ആരാധകർ ആശങ്കയിയിൽ

വേദിയിൽ കുഴഞ്ഞു വീണ് തമിഴ് നടൻ വിശാൽ. വില്ലുപുരത്ത് സംഘടിപ്പിച്ച സൗന്ദര്യ മത്സരത്തോട് അനുബന്ധിച്ച് ആശംസകൾ അറിയിക്കാനായി വേദിയിൽ കയറിയപ്പോഴാണ് നടൻ കുഴഞ്ഞ് വീണത്. ഉടൻ തന്നെ വിശാലിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. നടന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുണ്ട്. അപ്രതീക്ഷിതമായ ഈ സംഭവം പരിപാടിയിൽ പങ്കെടുത്ത ആരാധകരെ ആശങ്കയിലാഴ്ത്തി. നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ആശങ്ക പ്രകടിപ്പിച്ചത്. നിലവില്‍ നടന്റെ ആരോഗ്യനില തൃപ്തികരമാണ്.


ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനു വേണ്ടി സംഘടിപ്പിച്ച മിസ് കൂവഗം പരിപാടിയില്‍ മുഖ്യാതിഥിയായാണ് വിശാല്‍ പങ്കെടുത്തതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടു ചെയ്തു. ആരാധകരും സംഘാടകരും ചേര്‍ന്നാണ് പ്രഥമ ശുശ്രൂഷ നല്‍കി അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. മുന്‍ മന്ത്രി കെ. പൊന്‍മുടി അദ്ദേഹത്തിന് അടിയന്തര വൈദ്യ സഹായം ഉറപ്പാക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. പരിപാടിക്ക് മുമ്പ് വിശാല്‍ ജ്യൂസ് മാത്രമാണ് കഴിച്ചിരുന്നതെന്നാണ് വിവരം. ഇതാകാം പെട്ടെന്ന് കുഴഞ്ഞുവീഴാന്‍ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ ജനുവരിയില്‍ അദ്ദേഹത്തിന് ഡെങ്കിപ്പനി ബാധിച്ചിരുന്നു. അതിനിടെ, തന്റെ ‘മദ ഗജ രാജ’ എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുത്ത അദ്ദേഹത്തെ തീര്‍ത്തും അവശനായാണ് കാണപ്പെട്ടത്. നില്‍ക്കാന്‍തന്നെ അദ്ദേഹത്തിന് പരസഹായം വേണ്ടിവന്നിരുന്നു. സിനിമയുടെ പ്രീ റിലീസ് ചടങ്ങിലേക്ക് അസ്സിസ്റ്റന്റിന്റെ സഹായത്തോടെയാണ് വിശാലെത്തിയത്. നടന്റെ ശരീരം തീരെ മെലിഞ്ഞിരിക്കുകയും മാത്രമല്ല പ്രസംഗിക്കുന്നതിനിടയിൽ പലയാവർത്തി നാക്ക് കുഴയുകയും മൈക്ക് പിടിക്കുമ്പോൾ കൈകൾ വിറക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

പിന്നീട്, വിശാല്‍ തന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കുകയും പ്രസ്താവന പുറത്തിറക്കുകയും ചെയ്തിരുന്നു. തന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പ്രചരിക്കുന്ന പ്രചാരണങ്ങൾ അദ്ദേഹം പാടെ തള്ളിക്കളഞ്ഞു. എന്നാല്‍ രണ്ടാമതും പൊതുവേദിയില്‍ ആരോഗ്യപരമായി വിശാല്‍ ബുദ്ധിമുട്ടിയത് ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: