ചെന്നൈ: സനാതനധർമത്തെക്കുറിച്ചുള്ള പരാമർശത്തിന് പിന്നാലെ നടനും എംപിയുമായ കമൽ ഹാസന്റെ സിനിമകൾ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി തമിഴ്നാട് ബിജെപി. ബിജെപി സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡി തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.
“നേരത്തെ ഉദയനിധി സ്റ്റാലിനായിരുന്നു. ഇപ്പോൾ, സനാതന ധർമ്മം നശിപ്പിക്കാൻ ആഗ്രഹിക്കുന്നത് കമലാണ്. നമുക്ക് അവരെ ഒരു പാഠം പഠിപ്പിക്കാം. കമലിന്റെ സിനിമകൾ കാണരുതെന്ന് ഞാൻ എല്ലാ ഹിന്ദുക്കളോടും അഭ്യർത്ഥിക്കുന്നു. ഒടിടിയിൽ പോലും കാണരുത്. നമ്മൾ ഇത് ചെയ്താൽ, ദശലക്ഷക്കണക്കിന് ഹിന്ദുക്കളെ വേദനിപ്പിക്കുന്ന ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകൾ പൊതു വേദികളിൽ അവർ പങ്കിടില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
