ഇടുക്കി : പൂപ്പാറയിൽ തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് പരിക്ക്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവരെ തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി . മധുരയിൽ നിന്നും മൂന്നാറിലേക്ക് പോവുകയായിരുന്നു അപകടത്തില്‍പ്പെട്ട ബസ്. ഇതിനിടെ പൂപ്പാറയ്ക്ക് സമീപം തലക്കുളത്തു വച്ച് വളവു തിരിയവേ നിയന്ത്രണം നഷ്‌ടമായി സമീപത്തെ പാറക്കെട്ടിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയില്‍ ബസിന്‍റെ മുൻഭാഗം പൂർണമായി തകർന്നു. ബ്രേക്ക് നഷ്‌ടപ്പെട്ടതാണ് വാഹനം അപകടത്തിൽ പെടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ നാട്ടുകാരും അതുവഴി വന്ന മറ്റ് യാത്രികരും ചേര്‍ന്ന് സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ തമിഴ്‌നാട്ടിലെ തേനി മെഡിക്കൽ കൊളജിലേക്ക് കൊണ്ടുപോയി. മറ്റാരുടെയും നില ഗുരുതരമല്ല. ഇവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള റോഡ് അടുത്തിടെയാണ് നവീകരിച്ചത്. നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ഇതുവഴി പോകുന്ന വാഹനങ്ങള്‍ അമിതവേഗം എടുക്കുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
