രാമായണവും മഹാഭാരതവും സാങ്കൽപ്പികമാണെന്ന വസ്‌തുത പഠിപ്പിച്ച അധ്യാപികയെ പിരിച്ചുവിട്ട് കർണാടകയിലെ കോൺവെന്റ് സ്കൂൾ. സംസ്ഥാനത്തെ തീരദേശ മേഖലയിൽ പ്രവർത്തിക്കുന്ന സെന്റ് ജെറോസ ഇംഗ്ലീഷ് എച്ച്.ആർ പ്രൈമറി സ്കൂളിൽ ആണ് സംഭവം. അധ്യാപികക്കെതിരെ ബിജെപി അനുകൂല സംഘടന നൽകിയ പരാതിയെ തുടർന്നാണ് സ്കൂൾ അധികൃതർ നടപടി സ്വീകരിച്ചത്.
മഹാഭാരതവും രാമായണവും സാങ്കൽപ്പികമാണെന്ന് അധ്യാപിക വിദ്യാർത്ഥികളെ പഠിപ്പിച്ചു’വെന്ന് ബിജെപി എംഎൽഎ വേദ്യാസ് കാമത്തിന്റെ പിന്തുണയുള്ള സംഘം ആരോച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.
പ്രധാനമന്ത്രി മോദിക്കെതിരെയും അധ്യാപിക സംസാരിച്ചതായി ഇവർ ആരോപിച്ചു. 2002ലെ ഗുജറാത്ത് കലാപവും ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസും ചൂണ്ടികാണിച്ചാണ് അധ്യാപിക പ്രധാനമന്ത്രിക്കെതിരെ പരാമർശം നടത്തിയതെന്നും വലതുപക്ഷ സംഘടനകൾ ആരോപിക്കുന്നു. കുട്ടികളുടെ മനസ്സിൽ വെറുപ്പിന്റെ വികാരങ്ങൾ ഉണ്ടാക്കാൻ അധ്യാപിക ശ്രമിച്ചതായും പരാതിയിൽ പറയുന്നു.
അധ്യാപികയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച്‌ച പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ബിജെപി എംഎൽഎ വേദ്യാസ് കമത്തും പ്രതിഷേധത്തിൽ ചേർന്നു. വിഷയം പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (ഡിഡിപിഐ) അന്വേഷിക്കുകയാണ്. അതേസമയം സെന്റ് ജെറോസ സ്കൂളിന് 60 വർഷത്തെ ചരിത്രമുണ്ടെന്നും ഇതുവരെ ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്നും ഈ സംഭവം സ്കൂളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്നും സൾ അധികൃതർ കത്തിൽ പറഞ്ഞു.

