മുടി വെട്ടിയത് ശരിയായില്ലെന്ന പേരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകർ ക്ലാസിന് പുറത്ത് നിർത്തിസംഭവത്തിൽ വിശദീകരണവുമായി സ്കൂൾ അധികൃതർ

പത്തനംതിട്ട: മുടി വെട്ടിയത് ശരിയായില്ലെന്ന പേരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകർ ക്ലാസിന് പുറത്ത് നിർത്തിയ സംഭവത്തിൽ വിശദീകരവുമായി സ്കൂൾ അധികൃതർ. സ്കൂളിന്റെ അച്ചടക്കത്തിന് വിരുദ്ധമായി വിദ്യാർഥി മുടി വെട്ടിയതുകൊണ്ടാണ് ക്ലാസിൽ പ്രവേശിപ്പിക്കാതിരുന്നതെന്ന് പ്രിൻസിപ്പാള്‍ ഫാ. ഡോ. ശാന്തൻ ചരുവിൽ പറഞ്ഞു. മുടി നീളം കുറച്ച് വെട്ടണം എന്നതായിരുന്നു സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾക്ക് നൽകിയിരുന്ന നിർദ്ദേശം എന്നാൽ വിദ്യാർഥി ഇത് പാലിച്ചില്ലെന്നാണ് പ്രധാനാധ്യാപകന്റെ വാദം. നടപടികളിൽ പിഴവുണ്ടായിട്ടുണ്ടെങ്കിൽ പരിഹരിച്ചു മുന്നോട്ടു പോകുമെന്നും പ്രിൻസിപ്പൽ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം പ്രശ്നം സംസാരിച്ച് തീർത്തുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. തെറ്റ് ആവര്‍ത്തിക്കില്ലെന്ന് സ്കൂള്‍ അധികൃതര്‍ ഉറപ്പ് നൽകിയെന്നും പിതാവ് പറഞ്ഞു.


മുടി വെട്ടിയത് ശരിയായില്ലെന്ന പേരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകർ ക്ലാസിന് പുറത്ത് നിർത്തിയെന്ന് ചൂണ്ടികാണിച്ച് പിതാവ് മനുഷ്യാവകാശ കമ്മീഷനും ശിശു ക്ഷേമ സമിതിക്കും കുട്ടിയുടെ പിതാവ് പരാതി നൽകിയിരുന്നു. പത്തനംതിട്ട അടൂർ ഹോളി ഏഞ്ചൽസ് സ്കൂളിലാണ് സംഭവം.

മകനെ സ്കൂളിൽ എത്തിച്ച ശേഷമാണ് പിതാവ് ജോലിക്കായി പോയത്. എന്നാൽ, സ്കൂളിൽ നിന്ന് മടങ്ങും മുൻപ് മകനെ അധ്യാപകർ വിളിച്ചുനിർത്തി സംസാരിക്കുന്നതായി വിദ്യാർഥിയുടെ പിതാവ് കണ്ടിരുന്നു. ജോലിക്കായി പോയ പിതാവിനെ സ്കൂൾ അധികൃതർ വിളിച്ചുവരുത്തി. തിരക്കാണെന്ന് പറഞ്ഞ അച്ഛനോട് ഉടൻ വന്നില്ലെങ്കിൽ മകൻ സ്കൂൾ വിടും വരെ ക്ലാസിന് പുറത്തുനിൽക്കുമെന്നായിരുന്നു അധികൃതരുടെ മറുപടി. ഇതോടെ പിതാവ് സ്കൂളിലെത്തി. അവിടെവച്ച് അധ്യാപകർ കുട്ടിയുടെ മുടിയെ കുറിച്ച് സംസാരിച്ചു. നാളെ മുടിവെട്ടാമെന്ന് സമ്മതിച്ചാണ് താൻ സ്കൂളിൽ നിന്ന് മടങ്ങിയതെന്ന് പിതാവ് പറഞ്ഞു.

സ്കൂൾ തുറന്ന് ആദ്യ ദിവസമായതിനാൽ ഉച്ചവരെ ക്ലാസുകൾ ഉണ്ടായിരുന്നുള്ളു. വിദ്യാർഥിയെ തിരികെ കൊണ്ടുപോകാനായി പിതാവ് വീണ്ടും ഇവിടേക്ക് എത്തി. ഈ സമയത്താണ് മകനെ ഇന്ന് ക്ലാസിൽ കയറ്റിയിട്ടില്ലെന്നും രാവിലെ മുതൽ ക്ലാസിന് വെളിയിൽ നിർത്തുകയായിരുന്നുവെന്നും അറിഞ്ഞത്. ഇതോടെ അധ്യാപകർക്കെതിരെ പരാതിയുമായി പിതാവ് മനുഷ്യാവകാശ കമ്മീഷനെയും ശിശുക്ഷേമ സമിതിയെയും സമീപിക്കുകയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: