തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 13-ാം സമ്മേളനത്തിന് ഇന്ന് തുടക്കം. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുക. മാര്‍ച്ച് 28 വരെ ആകെ 27 ദിവസം സഭ ചേരുന്നതിനാണ് നിശ്ചയിച്ചിട്ടുള്ളത്. ഗവര്‍ണറായി രാജേന്ദ്ര ആര്‍ലേക്കര്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗമാണ് ഇന്നു നടക്കുക.
ഉരുള്‍ പൊട്ടല്‍ ദുരന്തമുണ്ടായ വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് നയപ്രഖ്യാപന പ്രസംഗത്തില്‍ മുന്‍ഗണന നല്‍കും. യുജിസിയുടെ കരട് ഭേദഗതിയെയും വിമര്‍ശിക്കാനിടയുണ്ട്. ഉപതെരഞ്ഞെടുപ്പുകളില്‍ ജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും യു ആര് പ്രദീപും എംഎല്‍എമാരായി ഇന്ന് സഭയിലെത്തും. അതേസമയം രാജിവെച്ച പി വി അന്‍വര്‍ സഭയിലുണ്ടാകില്ല എന്നതും പ്രത്യേകതയാണ്.
ഈ മാസം 20 മുതല്‍ 22 വരെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയാകും നടക്കുക. ഫെബ്രുവരി ഏഴിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 10 മുതല്‍ 12 വരെ ബജറ്റിലുള്ള പൊതു ചര്‍ച്ച നടക്കും. നടപ്പു സാമ്പത്തിക വര്‍ഷത്തെ അവസാന ഉപധനാഭ്യര്‍ഥനകള്‍ 13നു പരിഗണിക്കും.
14 മുതല്‍ മാര്‍ച്ച് 2 വരെ സഭ ചേരുന്നതല്ല. ഇക്കാലയളവില്‍ വിവിധ സബ്ജക്ട് കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് ധനാഭ്യര്‍ഥനകളുടെ സൂക്ഷ്മ പരിശോധന നടത്തും. മാര്‍ച്ച് നാല് മുതല്‍ 26 വരെ 2025-26 വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ സഭ ചര്‍ച്ച ചെയ്തു പാസ്സാക്കും. മാര്‍ച്ച് 28 ന് സഭ പിരിയാനുമാണ് തീരുമാനിച്ചിട്ടുള്ളത്
