ഡൽഹി: യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയിൽവേ ലൈനിന് സമീപം ഉപേക്ഷിച്ച പ്രതികൾ പിടിയിലായി. കേസിൽ മോനു (24), യോഗേന്ദർ (33) എന്നീ സഹോദരങ്ങലാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട യുവാവും പ്രതികളും തമ്മിൽ കൂലിയെ ചൊല്ലി തർക്കമുണ്ടാകുകയും ഇത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. മൽഖാൻ (31) എന്ന യുവാവിനെയാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട യുവാവും പ്രതികളും ഒരുമിച്ച് ജോലി ചെയ്യുന്നവരായിരുന്നു.
മാർച്ച് 17 ന് ഡൽഹിയിലെ സരായ് രോഹില്ലയിലെ റെയിൽവേ ലൈനിന് സമീപത്ത് നിന്നാണ് യുവാവിൻറെ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ മരിച്ച മൽഖാൻ ഉത്തർ പ്രദേശ് സ്വദേശിയാണെന്ന് കണ്ടെത്തി. തലയ്ക്ക് ഏറ്റ മാരകമായ പരിക്കാണ് ഇയാൾ മരിക്കാനുണ്ടായ കാരണമെന്ന് കണ്ടെത്തി. ഇതേത്തുടർന്ന് എഫ്ഐആർ രജിസ്ട്രർ ചെയ്ത് പൊലീസ് കേസിൽ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കൊലപ്പെടുത്തിയ പ്രതികളായ സഹോദരങ്ങൾ പിടിയിലായത്.
ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. മൂന്നു പേരും പെയിന്റിങ് തൊഴിലാളികളായിരുന്നെന്നും കൂലിയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ഇരുവരും പോലീസിന് മൊഴി നൽകി. ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചാണ് പ്രതികൾ യുവാവിനെ കൊലപ്പെടുത്തിയത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു
