ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡ് തുടരും

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡിന്റെ കരാർ നീട്ടിക്കൊടുക്കാൻ ബിസിസിഐ സന്നദ്ധത പ്രകടിപ്പിച്ചു. ഇക്കഴിഞ്ഞ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വരെയായിരുന്നു ദ്രാവിഡിനു നൽകിയിരുന്ന ആദ്യ കരാർ. ഇതു പൂർത്തിയായ സാഹചര്യത്തിൽ, ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിൽ നാഷണൽ ക്രിക്കറ്റ് അക്കാഡമി ഡയറക്റ്റർ വി.വി.എസ്. ലക്ഷ്മൺ ആണ് ഇന്ത്യൻ ടീമിനെ പരിശീലനച്ചുമതല വഹിക്കുന്നത്.

അതേസമയം, ബിസിസിഐയുടെ വാഗ്ദാനം ദ്രാവിഡ് സ്വീകരിച്ചോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയായിട്ടില്ല. കഴിഞ്ഞ രണ്ടു വർഷമായി ദ്രാവിഡ് രൂപപ്പെടുത്തിയ ടീം ഘടനയിൽ തുടർച്ച ആവശ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ബിസിസിഐ അധികൃതർ കരാർ നീട്ടാൻ ശ്രമിക്കുന്നത്.

വാഗ്ദാനം സ്വീകരിക്കുകയാണെങ്കിൽ ഡിസംബറിൽ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനമായിരിക്കും രണ്ടാമൂഴത്തിലെ അദ്ദേഹത്തിന്റെ ആദ്യദൗത്യം. മൂന്ന് മത്സരങ്ങൾ വീതം ഉൾപ്പെട്ട ട്വന്റി20 – ഏകദിന പരമ്പരകളും രണ്ടു ടെസ്റ്റുകളുമാണ് പര്യടനത്തിലുള്ളത്. അതിനു ശേഷം ഇംഗ്ലണ്ടിനെതിരേ ഇന്ത്യയിൽ അഞ്ച് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയുണ്ട്. 2024 ജൂണിൽ ടി20 ലോകകപ്പും നടക്കും.

2021ലെ ട്വന്റി20 ലോകകപ്പിനു ശേഷമാണ് രവി ശാസ്ത്രിക്കു പകരം ദ്രാവിഡിനെ മുഖ്യ പരിശീലകനായി നിയമിച്ചത്. ദ്രാവിഡിന്റെ പരിശീലനത്തിൽ ഇന്ത്യക്ക് ഏകദിന ലോകകപ്പ് നേടാൻ സാധിച്ചില്ലെങ്കിലും, അസാമാന്യ പ്രകടനത്തോടെ അജയ്യരായി ഫൈനൽ വരെയെത്താൻ സാധിച്ചിരുന്നു.

ദ്രാവിഡ് തുടരുകയാണെങ്കിൽ വിക്രം റാത്തോഡും പരസ് മാംബ്രയും ടി. ദിലീപും അദ്ദേഹത്തിന്റെ കോച്ചിങ് ടീമിൽ തുടരാനാണ് സാധ്യത.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: