സുൽത്താൻ ബത്തേരി: വയനാട്ടിൽ ദിവസങ്ങളായി പരിഭ്രാന്തി പരത്തുന്ന കരടി സുൽത്താൻബത്തേരി ടൗണിലും. ഇന്നലെ രാത്രി 11 മണിയോടെ ബത്തേരി കോടതി വളപ്പിലാണ് കരടിയെത്തിയത്.
എതിർവശത്തുനിന്ന് എത്തിയ കരടി ദേശീയപാത മുറിച്ചുകടന്ന് കോടതി വളപ്പിലേക്ക് കടക്കുകയായിരുന്നു. ഈ സമയം ഇവിടെയുണ്ടായിരുന്ന യാത്രക്കാരാണ് കരടിയെ കണ്ടത്. തുടർന്ന് കോടതിയുടെ പിറകുവശത്തെ മതിൽ ചാടി കോളിയാടി ഭാഗത്തേക്ക് മാറിയെന്നാണ് വിവരം.
സംഭവമറിഞ്ഞ് വനം വകുപ്പും പൊലീസും സ്ഥലത്തെത്തിയിരുന്നു. കോളിയാടി ഭാഗത്തും കരടിയെ കണ്ടതായി അഭ്യൂഹങ്ങളുണ്ട്.
ജനവാസകേന്ദ്രത്തിലിറങ്ങി ദിവസങ്ങളായെങ്കിലും കരടിയിലെ ഇതുവരെ പിടികൂടാനായിട്ടില്ല. കഴിഞ്ഞ ഞായറാഴ്ച മാനന്തവാടി പയ്യമ്പള്ളിയിലാണ് നാട്ടുകാർ ആദ്യം കരടിയെ കണ്ടത്. പിന്നാലെ വള്ളിയൂർക്കാവിലും തോണിച്ചാലിലും ഇറങ്ങിയ കരടി മാനന്തവാടി ദ്വാരകയിലും എത്തിയിരുന്നു.
