രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ ബംഗാളി നടിയുടെ രഹസ്യമൊഴിയെടുത്തു

കൊൽക്കത്ത: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസിൽ ബംഗാളി നടിയുടെ രഹസ്യ മൊഴിയെടുത്തു. 2009-2010 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ബംഗാളി നടിയുടെ പരാതി. കൊച്ചിയിലെ ഫ്ലാറ്റില്‍ വെച്ച് സിനിമയുടെ ഓഡിഷനെത്തിയ നടിയുടെ കൈകളും വളകളിലും സ്പര്‍ശിക്കുകയും പിന്നീട് കഴുത്തിലും മുടിയിലും സ്പര്‍ശിക്കുകയും ചെയ്തു, തന്നോട് അപമര്യാദയായി പെരുമാറി എന്നുമായിരുന്നു നടിയുടെ പരാതി.


എറണാകുളം സിജെഎം കോടതിയാണ് ഓൺലൈനായി നടിയുടെ രഹസ്യമൊഴിയെടുത്തത്. കൊൽക്കത്ത ആലിപ്പൂർ കോടതിയിലായിരുന്നു നടപടികൾ. ഉച്ചയ്ക്ക് രണ്ടരമണിക്ക് തുടങ്ങിയ മൊഴി എടുക്കൽ രണ്ട് മണിക്കൂർ നീണ്ടു. കൊച്ചിയിൽ വന്ന് മൊഴി നൽകാൻ ബുദ്ധിമുട്ടാണെന്ന് പരാതിക്കാരി അറിയിച്ചതോടെയാണ് രേഖകൾ അന്വേഷണ സംഘം കൊൽക്കത്തയിലെ കോടതിയിലേക്ക് അയച്ച് നടപടികൾ പൂർത്തിയാക്കിയത്. രഞ്ജിത്തിനെതിരായ കേസിൽ രണ്ടാഴ്ചയ്ക്കം കുറ്റപത്രം നൽകാനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം. സംവിധായകന്‍ രഞ്ജിത്തിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 354-ാം വകുപ്പ് പ്രകാരമാണ് കേസ്.

ബെംഗാളി നടിയുടെ പരാതിയിലും കോഴിക്കോട്ടെ യുവാവിന്‍റെ പരാതിയിലും രഞ്ജിത്തിനെതിരെ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിൽ കഴിഞ്ഞ 12-ാം തീയതി പ്രത്യേക അന്വേഷണ സംഘം കൊച്ചിയിൽ വെച്ച് രഞ്ജിത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഹൈക്കോടതിയിൽ നിന്ന് ര‌ഞ്ജിത്ത് മുൻകൂർ ജാമ്യം കിട്ടിയിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: