പത്തനംതിട്ട: വോട്ടിംഗ് മെഷീനിൽ താമര ചിഹ്നത്തിന് വലിപ്പം കൂടുതലാണെന്ന പരാതിയുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആൻറണി. മെഷീനിൽ താമര ചിഹ്നം വളരെ വലുതായി തെളിഞ്ഞു കാണപ്പെടുന്നു. മറ്റുചിഹ്നങ്ങൾ മങ്ങിയാണ് ഇരിക്കുന്നത്. ഇത് പത്തനംതിട്ടയിൽ മാത്രമല്ല. എറണാകുളത്തും മറ്റു പല മണ്ഡലങ്ങളിലും സമാനമായ സാഹചര്യമുണ്ടെന്നും ആന്റോ ആന്റണി ചൂണ്ടിക്കാണിച്ചു. ഇത് വരണാധികാരിയെ അറിയിച്ചിട്ടുണ്ടെന്നും ആന്റോ ആന്റണി വ്യക്തമാക്കി.
അതേസമയം പത്തനംതിട്ട അടൂരില്‍ കള്ളവോട്ട് ആരോപണം. അടൂർ തെങ്ങമം തോട്ടുവ സ്കൂളിലെ 134 ആം നമ്പർ ബൂത്തിൽ കള്ള വോട്ട് ചെയ്തുവെന്നാണ് പരാതി. ബിന്ദു എസ് എന്ന ആളുടെ വോട്ട് ആണ് മറ്റാരോ ചെയ്തതെന്ന പരാതി ഉയര്‍ന്നത്. കള്ള വോട്ട് ആരോപണം ശരി വെയ്ക്കുന്ന സംഭവമാണ് അടൂരിലേതെന്ന് ആന്റോ ആന്റണി ആരോപിച്ചു. വ്യാജ ഐഡി കാർഡ് ഉപയോഗിച്ചോ എന്ന് പരിശോധിക്കണമെന്നും ആന്‍റോ ആന്‍റണി പറഞ്ഞു.

