Headlines

വിവാഹ ദിവസം തന്നെ നവവധുവിനെ വരൻ വെട്ടിക്കൊന്നു

ബെംഗളൂരു: വിവാഹിതരായി മണിക്കൂറുകൾക്കുള്ളിൽ നവവധുവിനെ വരൻ വെട്ടിക്കൊന്നു. ചമ്പരസനഹള്ളി സ്വദേശി നവീന്‍(27) ആണ് വിവാഹത്തിന് പിന്നാലെ ഭാര്യ ലിഖിത(19)യെ വെട്ടിക്കൊന്നത്. വരനെ പരിക്കേറ്റനിലയിലും വീട്ടിലെ മുറിക്കുള്ളില്‍ കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് ആറുമണിയോടെ കര്‍ണാടകയിലെ കെ.ജി.എഫ്. ചമ്പരസനഹള്ളി ഗ്രാമത്തിലാണ് ദാരുണസംഭവം.


മുറിക്കുള്ളില്‍ ഗുരുതരമായി പരിക്കേറ്റനിലയില്‍ കണ്ടെത്തിയ നവീന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യയെ കൊലപ്പെടുത്തിയശേഷം ഇയാള്‍ സ്വയം മുറിവേല്‍പ്പിച്ചെന്നാണ് നിഗമനം. ഇയാളുടെ ആരോഗ്യനില അതീവഗുരുതരമാണെന്നാണ് വിവരം.

ബുധനാഴ്ച രാവിലെയാണ് ഗ്രാമത്തിലെ കല്യാണമണ്ഡപത്തില്‍വച്ച് നവീനും ലിഖിതയും വിവാഹിതരായത്. വിവാഹചടങ്ങുകള്‍ക്ക് ശേഷം നവദമ്പതിമാരും ബന്ധുക്കളും നവീന്റെ അമ്മാവന്റെ വീട്ടിലേക്ക് പോയി. ഇവിടെ എല്ലാവര്‍ക്കും ഭക്ഷണമൊരുക്കിയിരുന്നു. വീട്ടിലെ മുറിക്കുള്ളിലായിരുന്ന നവദമ്പതിമാര്‍ക്കും നവീന്റെ സഹോദരപുത്രി ഭക്ഷണം നല്‍കി. ഇതിനുശേഷം ബന്ധുക്കള്‍ പുറത്തുപോയതിന് പിന്നാലെ നവീന്‍ മുറി അകത്തുനിന്ന് പൂട്ടി. തുടര്‍ന്ന് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ മുറിയില്‍നിന്ന് ലിഖിതയുടെ നിലവിളി കേട്ടതോടെയാണ് സഹോദരപുത്രി ഓടിയെത്തിയത്.

വാതില്‍ അടച്ചിട്ടതിനാല്‍ ജനല്‍ വഴി നോക്കിയപ്പോഴാണ് നവീന്‍ ലിഖിതയെ ആക്രമിക്കുന്നത് കണ്ടതെന്നാണ് സഹോദരപുത്രി നല്‍കിയ മൊഴി. കൊടുവാള്‍ ഉപയോഗിച്ചാണ് നവീന്‍ ലിഖിതയെ വെട്ടിക്കൊന്നത്. തുടര്‍ന്ന് പെണ്‍കുട്ടി മറ്റുബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തി വാതില്‍ തകര്‍ത്ത് മുറിക്കുള്ളില്‍ കടന്നപ്പോള്‍ ചോരയില്‍ കുളിച്ച് കിടക്കുന്നനിലയിലാണ് നവവധുവിനെ കണ്ടത്. നവീനെ പരിക്കേറ്റനിലയിലും കണ്ടെത്തി. തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ലിഖിതയുടെ ജീവന്‍ രക്ഷിക്കാനായില്ല.

നവീന്‍ ആന്‍ഡേഴ്‌സണ്‍പേട്ടിലെ വസ്ത്രവ്യാപാരിയാണെന്ന് കെ.ജി.എഫ്. ഡിവൈ.എസ്.പി. പാണ്ടുരംഗ മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ട ലിഖിത അടുത്തിടെയാണ് പി.യു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. നേരത്തെ പല വിവാഹാലോചനകളും വേണ്ടെന്നുവച്ച നവീന്‍, ലിഖിതയുടെ വിവാഹാലോചന വന്നപ്പോള്‍ ഇഷ്ടമാണെന്നറിയിക്കുകയും തുടര്‍ന്ന് വിവാഹിതരാവുകയുമായിരുന്നു.

അതേസമയം, വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നടന്ന കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ലെന്ന് കെ.ജി.എഫ്. എസ്.പി. ശാന്തരാജു മാധ്യമങ്ങളോട് പറഞ്ഞു. ബന്ധുവീട്ടിലെ മുറിയില്‍നിന്ന് നവീന് എങ്ങനെയാണ് ആയുധം ലഭിച്ചതെന്നും പോലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തിന്റെ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്നും എസ്.പി. വ്യക്തമാക്കി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: