വ്യവസായിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവം; സിപിഐഎം ഏരിയാ സെക്രട്ടറിയെ പോലീസ് ചോദ്യം ചെയ്തു


ആലപ്പുഴ: കണ്ണൂരിലെ വ്യവസായിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ സിപിഐഎം കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി എസ് രാധാകൃഷ്ണനെ ചോദ്യം ചെയ്തു. കണ്ണൂർ സ്വദേശിയായ വ്യവസായി പി വി അഭിഷേകിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ഗുണ്ടകളുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചതിന്റെ വെളിച്ചത്തിലാണ് പോലീസിന്റെ ചോദ്യം ചെയ്യൽ. ഗുണ്ടകളും പരാതിക്കാരനും ഏരിയ സെക്രട്ടറിയും തമ്മിൽ ബന്ധപ്പെട്ടതിന്റെ വിവരണങ്ങൾ പോലീസിന് ലഭിച്ചിരുന്നു.

ഈ മാസം 11നാണ് കണിച്ചുകുളങ്ങര ജങ്ങ്ഷനില്‍ വെച്ച് അഭിഷേകിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും കാര്‍ അടിച്ച് തകര്‍ക്കുകയും ചെയ്തത്. അക്രമത്തിനിരയായ അഭിഷേക് ആദ്യം പരാതി നല്‍കിയെങ്കിലും മാരാരിക്കുളം പൊലിസ് നടപടി എടുത്തില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഒടുവില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇടപെടല്‍ വന്നപോഴാണ് രണ്ടാഴ്ചക്ക് ശേഷം പ്രതി സല്‍പുത്രന്‍ എന്ന് വിളിക്കുന്ന അനൂപിനെ അറസ്റ്റ് ചെയ്തത്. അതുവരെ അനൂപും കൂട്ടാളികളും സിപിഐഎം ഏരിയാ സെക്രട്ടറിയുടെ സംരക്ഷണ ത്തിലായിരുന്നു എന്നാണ് ആക്ഷേപം. സാമ്പത്തിക തർക്കമാണ് പിന്നില്‍.

കേസ് ഒത്തുതീര്‍പ്പാക്കുന്നതിനായി പരാതിക്കാരനായ അഭിഷേകിനെ ഏരിയ സെക്രട്ടറി വിളിച്ചിരുന്നു. ആരോപണം നേരിടുന്ന ഏരിയ സെക്രട്ടറി പ്രതിയേയും പരാതിക്കാരനെയും ഫോണില്‍ ബന്ധപ്പെട്ടതായി പൊലിസും സ്ഥിരീകരിക്കുന്നു. ജില്ലാ പൊലിസ് മേധാവി നേരിട്ട് സ്റ്റേഷനിലെത്തി കേസ് പട്ടണക്കാട് പൊലിസിന്‌ കൈമാറിയശേഷമാണ് പ്രതി അനൂപിനെ അറസ്റ്റ്‌ചെയ്തത്. പരാതിക്കാരനും ഏരിയ നേതാവും പരിചയക്കാരായത് കൊണ്ടാണ് ഫോണില്‍വിളിച്ചിട്ടുണ്ടാവുക എന്നാണ് ജില്ലാ സെക്രട്ടറിയുടെ വിശദീകരണം

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: