തൃശൂർ: പൊലീസ് ജീപ്പ് തല്ലിത്തകർത്തതുൾപ്പെടെ എട്ട് കേസുകളിൽ പ്രതിയായ ഡിവൈഎഫ്ഐ ചാലക്കുടി ബ്ലോക്ക് പ്രസിഡന്റ് നിധിൻ പുല്ലനെ (30) ചാലക്കുടി പൊലീസ് കാപ്പ ചുമത്തി നാടുകടത്തി. ഡിഐജി അജിത ബീഗത്തിന്റെ നിർദ്ദേശത്തിലാണ് നടപടി. ആറ് മാസത്തേക്കാണ് നാടുകടത്തിയത്.
കഴിഞ്ഞ ഡിസംബർ 22നാണ് ചാലക്കുടി ഗവ. ഐടിഐക്കു മുന്നിൽ ഇയാൾ പൊലീസ് ജീപ്പിന്റെ മുകളിൽ മറ്റു പ്രവർത്തകർക്കൊപ്പം കയറി നിന്നു ആക്രമണം നടത്തിയത്. സംഭവ ദിവസം തന്നെ പൊലീസ് നിധിനെ പിടികൂടിയിരുന്നു. എന്നാൽ സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെയുള്ളവർ ബലമായി മോചിപ്പിച്ചു.
ഒളിവിലായിരുന്ന ഇയാളെ പൊലീസ് പിന്നീട് പിടികൂടി. 54 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ശേഷമാണ് ജാമ്യം ലഭിച്ചത്. 2012ൽ നടന്ന വധ ശ്രമം ഉൾപ്പെടെയുള്ള മറ്റു കേസുകളിൽ പ്രതിയാണ് നിധിൻ. ഒരെണ്ണം ഒഴികയെല്ലാം രാഷ്ട്രീയ സ്വഭാവമുള്ള കേസുകളാണ്

