ഫ്രാൻസിസ് മാർപ്പാപ്പയുടെ മൃതദേഹമടങ്ങിയ പെട്ടി തികച്ചും സ്വകാര്യമായ ചടങ്ങിൽ വെച്ച് പൂട്ടി. വത്തിക്കാൻ അപ്പോസ്തോലിക് കൊട്ടാരത്തിൽ വെച്ചാണ് കൂരിയ അംഗങ്ങളുടെ സാന്നിധ്യത്തിൽ ഈ ചടങ്ങ് നടന്നത്. ഇന്ന് ഇന്ത്യൻ സമയം ഉച്ചക്ക് ഒന്നരയോടെ ശവസംസ്കാര ചടങ്ങുകൾ ലോകനേതാക്കളുടെ സാന്നിധ്യത്തിൽ നടക്കും. കത്തോലിക്ക വിശ്വാസാചാര പ്രകാരം അന്തരിച്ച പോപ്പിൻ്റെ ഭൗതിക ശരീരമടങ്ങിയ പേടകം വത്തിക്കാനിലെ മുതിർന്ന കർദിനാൾമാരുടെ സാന്നിധ്യത്തിൽ പൂട്ടി മുദ്രവെക്കുന്നത് പാപ്പയുടെ മഹനീയമായ ജീവിതം സേവനത്തിനും മനുഷ്യ മോചനത്തിനുമായി സമർപ്പിച്ചതിൻ്റെ ആദരസൂചകമായിട്ടാണ്. മാർപ്പാപ്പയുടെ ഏറ്റവും വിശ്വസ്തരായ കൂരിയ അംഗങ്ങളാണ് ഏറ്റവും സ്വകാര്യമായ ഈ ചടങ്ങ് നടത്തുന്നത്. കർദിനാൾ കെവിൻ ഫാരെലാണ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയത്.
സൈപ്രസിലെ പ്രത്യേക തരം തടിയിൽ നിർമ്മിച്ച പേടകത്തിൽ പോപ്പിൻ്റെ ലഘു ജീവചരിത്രമടങ്ങിയ രേഖകൾ പ്രത്യേകം തയ്യാറാക്കിയ ട്യൂബിൽ മുദ്രവെച്ച് നിക്ഷേപിക്കും. ഇതിനും പുറമെ അദ്ദേഹത്തിന് ലഭിച്ച മെഡലുകൾ, മറ്റ് തിരുശേഷിപ്പുകൾ ഒക്കെ പെട്ടിക്കുള്ളിൽ വയ്ക്കുന്നുണ്ട്. പ്രത്യേക പ്രാർത്ഥനകൾക്കു ശേഷമാണ് പെട്ടി പൂട്ടി മുദ്രവെക്കുന്നത്. ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞതാണ് മാർപാപ്പയുടെ അന്ത്യ യാത്ര. ലോകത്ത് ഒരു മതനേതാവിനോ രാഷ്ട്രതലവന്മാര്‍ക്കോ ലഭിക്കാത്ത ആദരവുകളും ബഹുമാനവുമാണ് ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന് അന്ത്യയാത്രയില്‍ ലഭിക്കുന്നത്. ലോകത്തിലെ ഒട്ടുമിക്ക വിവിഐപികളും രാഷ്ട്രതലവന്മാരും ഉള്‍പ്പടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് ജനകീയനായ പാപ്പയെ യാത്രയാക്കുന്നത്.
ലോകത്ത് മറ്റൊരിടത്തും കാണാനാവാത്ത വിധത്തിലുള്ള മരണാനന്തര ചടങ്ങുകള്‍ ഉള്‍പ്പെട്ടതാണ് മാര്‍പ്പാപ്പയുടെ അന്ത്യ ചടങ്ങുകള്‍. കാലങ്ങളായി പ്രോട്ടോക്കോള്‍ പ്രകാരം നിശ്ചയിച്ച അത്യന്തം അടുക്കും ചിട്ടയുമുള്ള നടപടിക്രമങ്ങളാണ് ഇന്ന് നടക്കുന്നത്. ബ്രീട്ടീഷ് രാജകുടുംബത്തിന്റെ മരണാനന്തര ചടങ്ങളുകളുമായി പോപ്പിന്റെ അന്ത്യ ചടങ്ങുകള്‍ക്ക് ചില സമാനതകള്‍ ഉണ്ട്. മാര്‍പ്പാപ്പ വെറും മതനേതാവു മാത്രമല്ല, വത്തിക്കാന്‍ എന്ന രാഷ്ട്രത്തിന്റെ തലവന്‍ കൂടിയാണ്. അദ്ദേഹത്തിന്റെ മരണവിവരം പുറത്തു വിടുന്നതു മുതല്‍ അവസാന ചടങ്ങുവരെ രഹസ്യാത്മകതയും അച്ചടക്കവും പുലര്‍ത്താറുണ്ട്. 500 വര്‍ഷങ്ങളായി അണുവിട മാറാതെ നടക്കുന്ന ഇവന്റാണിത്. ഏഷ്യന്‍ രാജ്യങ്ങളിലെ മത നേതാക്കന്മാരുടേയോ, രാഷ്ട്രതലവന്മാരുടേയോ പൂര്‍വ ഏഷ്യന്‍ രാജ്യങ്ങളിലെ നേതാക്കളുടെ സംസ്‌കാര ചടങ്ങുകളിലോ ഈ ഗാംഭീര്യവും അച്ചടവും നിറപ്പകിട്ടും ഒരിക്കലും കാണാനാവില്ല.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ഉയര്‍ന്ന പ്ലാറ്റ്ഫോമില്‍ പോപ്പിന്റെ മൃതദേഹം പൊതുദര്‍ശനത്തിനായി വയ്ക്കുന്ന പാരമ്പര്യം ഫ്രാന്‍സിസ് പാപ്പ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പൊതു ദര്‍ശനത്തിനായി പാപ്പയുടെ മൃതശരീരം വച്ചിരിക്കുന്നത് ഉയര്‍ന്ന പീഠത്തില്‍ ആണ്. ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങുകള്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ ശരീരം ഇറക്കി വെക്കുന്നതോടെയാണ് അവസാനിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു, ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍, യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടക്കം വന്‍ നിരയാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നത്
