തൃശ്ശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിനു പരിക്കേറ്റ് അവശനിലയിലായ കൊമ്പൻ ചരിഞ്ഞു. ചികിത്സയിലിരിക്കെയാണ് കാട്ടാന ചരിഞ്ഞത്. മസ്തകത്തിലേറ്റ മുറിവിന് ഒരടിയോളം താഴ്ചയുണ്ടായിരുന്നു. മയക്കുവെടി വെച്ച് കോടനാട് എത്തിച്ച കൊമ്പന്റെ മസ്തകത്തിലെ ആഴത്തിലുള്ള മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്ക് ബാധിച്ചിരുന്നു. പരിശോധനയിലും മുറിവിനുളളിൽ നിന്ന് പുഴുക്കളെ കണ്ടെത്തി. മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്കുകൂടി പടർന്നതോടെ ശ്വാസം എടുക്കാനും ബുദ്ധിമുട്ടിയിരുന്നു. ഇതാണ് മരണകാരണായത്. ബുധനാഴ്ച രാവിലെയാണ് ആതിരപ്പള്ളിയിൽ നിന്നും മയക്കുവെടി വച്ചാണ് കൊമ്പനെ എത്തിച്ചത്.
കഴിഞ്ഞ മാസമായിരുന്നു മസ്തകത്തിൽ പരിക്കേറ്റ നിലയിൽ ആനയെ വനത്തിനുള്ളിൽ കണ്ടെത്തിയത്. ആനയുടെ മസ്കത്തിലേറ്റ മുറിവ് മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പറ്റിയതാകാം എന്നായിരുന്നു നിഗമനം. മുറിവ് മസ്തകത്തിലായത് പരിഗണിച്ച് വിദഗ്ധ സംഘത്തിൻ്റെ പരിശോധനക്ക് കാട്ടാനയെ വിധേയമാക്കിയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആനയെ അസ്വസ്ഥനായി അതിരപ്പിള്ളിയിലെ എണ്ണപ്പന തോട്ടത്തിലും റോഡിലുമായി കണ്ടെത്തുകയായിരുന്നു. പിന്നാലെയാണ് ആനയുടെ അവസ്ഥ വിലയിരുത്തി വീണ്ടും ചികിത്സ നടത്താൻ തീരുമാനമാനിച്ചത്.
