Headlines

ഒന്നാം ക്ലാസില്‍ ചേരാന്‍ 6 വയസ് തികയണമെന്ന്‌ കേന്ദ്ര നിര്‍ദ്ദേശം; നടപ്പാക്കില്ലെന്ന് കേരളം

ന്യൂഡല്‍ഹി: പുതിയ അധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറ് വയസാക്കണമെന്നു നിര്‍ദ്ദേശിച്ച് കേന്ദ്രം. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയ നിര്‍ദ്ദേശം കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും നടപ്പാക്കാത്ത സാഹചര്യത്തിലാണു പുതിയ കത്ത്.

ഒന്നാം ക്ലാസ് പ്രവേശനത്തിനു ആറ് വയസ് തികയണമെന്നതു ദേശീയ വിദ്യാഭ്യാസ നയത്തിലെ (2020) നിര്‍ദ്ദേശമാണ്. ഇതു നടപ്പാക്കണമെന്നു 2021 മാര്‍ച്ചിലും 2023 ഫെബ്രുവരിയിലും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ഉടന്‍ ആരംഭിക്കുന്ന സാഹചര്യത്തിലാണു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറി അര്‍ച്ച ശര്‍മ ആവസ്തി കഴിഞ്ഞ ദിവസം വീണ്ടും കത്തയച്ചത്. മാറ്റം വരുത്തി മാര്‍ഗ രേഖ പ്രസിദ്ധീകരിക്കണമെന്നും കത്തിലുണ്ട്.

14 സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ പ്രായപരിധി ആറ് ആക്കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വരുന്ന അധ്യായന വര്‍ഷം മുതല്‍ നടപ്പാക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് മൂന്ന് മുതല്‍ ആറ് വരെയുള്ള പ്രായം നഴ്‌സറി, കെജി തലമാണ്.

അതേസമയം കേന്ദ്ര നിര്‍ദ്ദേശം കേരളം ഇക്കൊല്ലം നടപ്പാക്കില്ലെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. കേന്ദ്ര വിദ്യാഭ്യാസ നയം പൂര്‍ണമായി സംസ്ഥാനത്ത് നടപ്പാക്കാന്‍ സാധിക്കില്ല. പല നിര്‍ദ്ദേശങ്ങളിലും വിയോജിപ്പുണ്ട്. മുന്‍പും ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുള്ളതാണ്.

പ്രായപരിധി ആറ് വയസാക്കണമെന്ന നിര്‍ദ്ദേശം പെട്ടെന്നു നടപ്പാക്കിയാല്‍ പ്രത്യഘാതങ്ങളുണ്ടാകാം. കേന്ദ്രം അയച്ചതായി പറയുന്ന കത്ത് ഇതുവരെ ലഭിച്ചിട്ടില്ല. വിദ്യാഭ്യാസ കാര്യത്തില്‍ സ്വയം തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി പ്രതികരിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: