കൊച്ചി: ഓട്ടോറിക്ഷയിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ കുട്ടിയെ കാര്‍ ഇടിച്ചു തെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ വാഴക്കുളം സ്വദേശി നിഷികാന്ത്(7) ആശുപത്രിയിൽ ചികിത്സയിലാണ്. ആലുവ കുട്ടമശേരിയിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു ദാരുണ സംഭവം.
അച്ഛൻ ഓടിച്ചിരുന്ന ഓട്ടോറിക്ഷയുടെ പിന്നിലിരുന്ന കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. ഓട്ടോയിൽ നിന്ന് റോഡിലേക്ക് വീണ കുട്ടി എഴുന്നേല്‍ക്കാൻ ശ്രമിക്കുന്നതിനിടെ പിന്നില്‍ നിന്നും വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിച്ചശേഷം കാർ നിർത്താതെ പോയി.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കാറിനെക്കുറിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് അന്വേഷിക്കാൻ തയാറായില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

