കൊല്ലം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ സ്വർണമാല തട്ടിയെടുത്ത യുവതി പോലീസിന്റെ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗർ- 82ൽ നിഷ (34) യെയാണ് ശക്തികുളങ്ങര പൊലീസ് പിടികൂടിയത്. ആയിരംതെങ്ങ് പുതുവൽവീട്ടിൽ ആന്‍റുവിന്‍റെ മകളുടെ മാല നിഷ തന്ത്രപരമായി മോഷ്ടിച്ചെടുക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെ 11ന് ആന്‍റുവിന്‍റെ കുടുംബവീടായ ആയിരംതെങ്ങ് പുതുവൽവീടിന്‍റെ മുൻവശത്തുള്ള വഴിയിൽ കളിക്കുകയായിരുന്ന ആന്‍റുവിന്‍റെ മക്കളുമായി ചങ്ങാത്തം സ്ഥാപിക്കുകയും നിഷ ഐസ്ക്രീം വാങ്ങി നൽകാമെന്ന് പ്രലോഭിപ്പിച്ച് കുട്ടികളെ കടയിലേക്ക് കൊണ്ടുപോകുന്ന വഴി മൂത്തകുട്ടിയുടെ ഏഴു ഗ്രാം വരുന്ന സ്വർണമാല ബലമായി ഊരിയെടുത്ത് കടക്കുകയായിരുന്നു. കുട്ടിയുടെ മാതാവ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. ഇവരിൽനിന്ന് മാല കണ്ടെടുത്തു. ശക്തികുളങ്ങര ഇൻസ്പെക്ടർ അനുപിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ആശ, അജയകുമാർ, പ്രദീപ്, എസ്.സി.പി.ഒമാരായ അബുതാഹിർ, ശാരിക എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
