കോട്ടയം: പിസി ജോർജ് മുസ്ലിം വിദ്വേഷ പരാമർശം നടത്തിയെന്ന കേസിൽ വീണ്ടും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഇനി അടുത്ത മാസം അഞ്ചിനായിരിക്കും ഹർജി പരിഗണിക്കുക. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കേസ് ആരംഭിച്ചിട്ട് ഇത് നാലാം തവണയാണ് മാറ്റിവെക്കുന്നത്. ഹര് ജിയില് തീരുമാനമാകുന്നതുവരെ പിസി ജോർജിനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ നിർദ്ദേശം.
ഈ ഹർജി പരിഗണിച്ചപ്പോൾ കോടതി പ്രൊസിക്യൂഷനെ വിമർശിച്ചു. വിദ്വേഷ പരാമർശത്തിൻ്റെ പൂർണ്ണ രൂപം എഴുതി നൽകണമെന്ന് കോടതി കഴിഞ്ഞ ദിവസം പ്രൊസിക്യൂഷനോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇത് പ്രൊസിക്യൂഷൻ നൽകിയിരുന്നില്ല. തുടർന്നാണ് പ്രൊസിക്യൂഷനെ കോടതി വിമർശിച്ചത്.
ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനൽ ചർച്ചയിൽ പി സി ജോർജ് നടത്തിയ പരാമർശത്തിനെതിരെ ഈരാറ്റുപേട്ട പൊലീസ് ആണ് കേസെടുത്തത്. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. ചർച്ചക്കിടെ പിസി ജോർജ് മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി.
