തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗൺഷിപ്പിന്റെ നിർമ്മാണം ഈ മാസം അവസാനത്തോടെ തുടങ്ങുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവർക്കായാണ് ടൗൺഷിപ്പ് പ്രഖ്യാപിച്ചത്. ഈ ടൗണ്‍ഷിപ്പുകളിൽ ഒരെണ്ണത്തിന്റെ നിര്‍മാണമാണ് നടത്തുന്നത്. കൽപറ്റയിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന്റെ നിർമാണമാണ് തുടങ്ങുകയെന്ന് മന്ത്രി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
15 ദിവസത്തിനുള്ളില്‍ ഭൂമിയേറ്റെടുക്കും. ഇതിന് തർക്കങ്ങളോ തടസ്സങ്ങളോ ഇല്ല. ദുരന്തനിവാരണ നിയമം അനുസരിച്ചാണ് നടപടി. ഏറ്റെടുക്കേണ്ട ഭൂമിയുടെ ടോപ്പോഗ്രാഫിക്കല്‍, ജിയോളജിക്കല്‍, ഹൈഡ്രോളജിക്കല്‍ സര്‍വേകള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള സ്റ്റേയും ഉണ്ടാകില്ലെന്ന് ഹൈകോടതി വ്യക്തമാക്കിയത് ആശ്വാസകരവും സന്തോഷകരവുമാണെന്നും മന്ത്രി പറഞ്ഞു.ദുരന്തബാധിതര്‍ക്ക് ഏഴ് സെന്റ് വീതമാണ് നല്‍കുന്നത്. 1000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള വീടുകളാണ് പണിയുക. 20 ലക്ഷം രൂപ സ്പോണ്‍സര്‍ നല്‍കും. നിര്‍മാണത്തിന് ബാക്കിവരുന്ന തുക സര്‍ക്കാര്‍ വഹിക്കും. ടൗണ്‍ഷിപ് നിര്‍മാണം വൈകുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ശരിയല്ല. വരുംദിവസങ്ങളില്‍ സ്പോണ്‍സര്‍മാരുടെ എണ്ണം എത്രയാണെന്നും അറിയാനാകും. പുഞ്ചിരിമട്ടം ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കില്ല.
വീട് നിർമാണത്തിനൊപ്പം തകര്‍ന്ന നാല് പാലങ്ങളും ചൂരല്‍മല-അട്ടമല അടക്കം എട്ട് പ്രധാന റോഡുകളും പുനര്‍നിര്‍മിക്കാനുണ്ട്. പാലങ്ങളില്‍ പ്രധാനപ്പെട്ടത് ബെയ്‌ലി പാലമാണ്. സിംഗിള്‍ സ്പാനുകളുള്ള പാലമായിരിക്കും നിര്‍മിക്കുക. പാലത്തിന്റെ തൂണുകള്‍ ഒന്നും തന്നെ നദിയിലോ നദിയുടെ തീരത്തോ വരാത്ത രീതിയിലായിരിക്കും നിർമാണം. ടൗണ്‍ഷിപ്പില്‍ എല്ലാവിധ സൗകര്യങ്ങളുമുണ്ടാകും. ആശുപത്രി അടക്കമുള്ളവ കൽപറ്റയില്‍ ഉള്ളതിനാല്‍ ആദ്യഘട്ടത്തില്‍ അവ പ്രയോജനപ്പെടുത്തും. ദീര്‍ഘനാളത്തെ ചികിത്സ ആവശ്യമായിട്ടുള്ളവര്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജിനെ ആശ്രയിക്കാം. അടിയന്തര ചികിത്സകള്‍ക്ക് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം ചികിത്സ നല്‍കും.ദുരന്തബാധിതര്‍ക്ക് മുന്നൂറ് രൂപവീതം നല്‍കി വരുന്ന സഹായം ഒമ്പത് മാസത്തേക്കുകൂടി നീട്ടാന്‍ ആലോചനയുണ്ട്. ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് പകരമായി സപ്ലൈകോയില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനായി ആയിരം രൂപയുടെ കാര്‍ഡ് നല്‍കും. ടൗണ്‍ഷിപ് ഒഴികെ എല്ലാ പരിഗണനയും വിലങ്ങാടിനും നല്‍കും.
ഉരുള്‍പൊട്ടലുണ്ടായ ഭൂമിയില്‍ സുരക്ഷ കണക്കിലെടുത്ത് ഇനി ആരെയും താമസിക്കാൻ അനുവദിക്കില്ല. അതേസമയം ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് തടസ്സമുണ്ടാകില്ല. 1964ലെ ഭൂപതിവ് നിയമം അനുസരിച്ചാണ് ടൗണ്‍ഷിപ്പില്‍ ഭൂമി നല്‍കുന്നത്. ഈ ഭൂമിയുടെ ഉടമസ്ഥാവകാശം അവര്‍ക്ക് തന്നെയായിരിക്കും. നിയമപ്രകാരം ഭൂമിക്ക് ലോക്കിങ് പീരിഡ് ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
വീടുകളുടെ ആദ്യഘട്ട അന്തിമ പട്ടികയായി
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരില്‍ വീട് നിർമിച്ചുനല്‍കേണ്ടവരുടെ ആദ്യഘട്ട അന്തിമ പട്ടികയായതായി റവന്യൂമന്ത്രി കെ. രാജൻ. 242 പേരുടെ പേരുകളാണ് പട്ടികയിലുള്ളതെന്ന് മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവരുടെ പട്ടികയല്ല ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും കിടപ്പാടം നഷ്ടമായതിനെ തുടര്‍ന്ന് വീട് വെച്ചുകൊടുക്കേണ്ടവരുടെ പട്ടികയാണിതെന്നും മന്ത്രി പറഞ്ഞു.
രണ്ടാംഘട്ടത്തിലുള്ള 81 പേരെ ഉള്‍പ്പെടുത്തിയുള്ള പട്ടിക വെള്ളിയാഴ്ച പൂര്‍ത്തിയാകും. ജില്ല ദുരന്തനിവാരണ മാനേജ്മെന്റ് അതോറിറ്റി പഞ്ചായത്തുകളുമായി ചേര്‍ന്നാണ് പട്ടിക തയാറാക്കിയത്. ഇതില്‍ സര്‍ക്കാര്‍ ഇടപെടേണ്ട ഒരു സാഹചര്യവും ഇതുവരെ ഉണ്ടായിട്ടില്ല.പൂര്‍ണമായും ഒറ്റപ്പെട്ട വീടുകള്‍ പരിഗണിച്ച് 16 പേരുടെ ലിസ്റ്റ് കൂടി തയാറാക്കുന്നുണ്ട്. രണ്ടാഴ്‍ചക്കുള്ളില്‍ ഇതില്‍ അന്തിമ തീരുമാനമാവും. ലിസ്റ്റിലുള്ളവര്‍ക്ക് വീടാണോ നഷ്ടപരിഹാരമാണോ വേണ്ടതെന്ന് അറിയാനായി 10,11,12 തീയതികളില്‍ അവിടെ ഹിയറിങ് നടത്തും.
