കൊച്ചി: ടെലിവിഷൻ റിയാലിറ്റി ഷോ ആയ ‘ബിഗ് ബോസി’ന്റെ ഉള്ളടക്കം പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിർദേശം നൽകി. മലയാളം ആറാം സീസൺ സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടൽ. ചട്ടലംഘനമുണ്ടെന്നു കണ്ടെത്തിയാൽ പരിപാടി നിർത്തിവയ്ക്കാനും കേന്ദ്രത്തിന് നിർദേശിക്കാം
എറണാകുളം സ്വദേശിയായ അഭിഭാഷകൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. മോഹന്‍ലാലിനും ഡിസ്‌നി സ്റ്റാറിനും എന്‍ഡമോള്‍ ഷൈനിനും നോട്ടീസ് നൽകി. ഒരു സ്വകാര്യ ചാനലിൽ നടക്കുന്ന തത്സമയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിവിധ ഭാഷകളിലായി നടക്കുന്ന പരിപാടി മലയാളത്തിലും സംപ്രേഷണം ചെയ്യുന്നുണ്ട്. ബിഗ് ബോസിൽ ശാരീരികാക്രമണവും വംശീയാധിക്ഷേപവും ഉള്‍പ്പെടെ നടക്കുന്നുണ്ടെന്നാണ് ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഇതു സംപ്രേഷണ ചട്ടങ്ങൾക്കു വിരുദ്ധമാണെന്നും ഹർജിയില്‍ പറയുന്നുണ്ട്.

