Headlines

തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

പാലക്കാട്: നാടിനെ നടുക്കിയ തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. അരലക്ഷം പിഴയീടാക്കാനും വിധിയിൽ പറയുന്നു. ഇ തുക അനീഷിന്റെ ഭാര്യ ഹരിതയ്ക്ക് നൽകണം. കൊല്ലത്തറ സ്വദേശി അനീഷിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയ സംഭവത്തിലാണ് കോടതി വിധി വന്നിരിക്കുന്നത്. അനീഷിന്റെ ഭാര്യാ പിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് കുമാർ എന്നിവർ കുറ്റക്കാരാണെന്ന് കോടതി ഈ മാസം 25-ന് പ്രഖ്യാപിച്ചിരുന്നു.

പ്രതിഭാഗം ശിക്ഷയിൽ ഇളവ് തേടിയിരുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ പ്രതികൾ ആവർത്തിക്കാൻ സാഹചര്യമില്ലെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ പ്രതികൾക്ക് തൂക്കുകയർ നൽകണമെന്നമെന്നായിരുന്നു പ്രൊസിക്യൂഷൻ വാദിച്ചത്. പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്ന് ഇരു പ്രതികളും കോടതിക്ക് മുൻപാകെ പറഞ്ഞു.

ഇതരജാതിയിൽ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച അനീഷിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ.വിനായക റാവുവാണ് ശിക്ഷ വിധിച്ചത്. രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഹരിതയുടെ മൊഴിയാണ് കേസിൽ നിർണായകമായത്.

2020 ക്രിസ്‌മസ് ദിനത്തിലായിരുന്നു ഇതരജാതിയിൽ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയത്. വിവാഹത്തിന്റെ 88-ാം നാളിലായിരുന്നു കൊലപാതകം. കൊല്ലപ്പെടുന്ന ദിവസം അനീഷിന് 27 വയസും ഹരിതയ്ക്ക് 19 വയസുമായിരുന്നു പ്രായം. ദീ൪ഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഹരിതയുടെ വീട്ടുകാരുടെ സമ്മതമില്ലാതെ ഇരുവരുടേയും വിവാഹം. പൊലീസിൻറെ സാന്നിധ്യത്തിൽ ഒത്തുതീ൪പ്പിന് ശ്രമമുണ്ടായി. എന്നാൽ ഇത് നടന്നില്ല. സ്റ്റേഷനിൽ വെച്ച് ഹരിതയുടെ അച്ഛൻ പ്രഭുകുമാ൪ അനീഷിനെ 90 ദിവസത്തിനുളളിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വിവാഹം കഴിഞ്ഞ് 88 -ാം ദിവസമാണ് അച്ഛനും അമ്മാവൻ സുരേഷും ചേ൪ന്ന് അനീഷിനെ കൊലപ്പെടുത്തിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: