എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് തന്നെ; മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ടുനൽകണമെന്ന പെൺമക്കളുടെ ഹർജി തള്ളി

കൊച്ചി: മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേ​ഹം മതാചാരപ്രകാരം സംസ്കരിക്കാൻ അനുവദിക്കണമെന്ന പെൺമക്കളുടെ ഹർജി ​ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് തന്നെ നൽകാൻ കോടതി ഉത്തരവിട്ടു. മൃതദേഹം ഏറ്റെടുത്ത കളമശ്ശേരി മെഡിക്കൽ കോളജ് നടപടി ശരിവച്ചാണ് ​ഹൈക്കോടതിയുടെ ഉത്തരവ്. ലോറൻസിന്റെ മൃതദേ​ഹം മതാചാരപ്രകാരം സെമിത്തേരിയിൽ സംസ്കരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മക്കളായ ആശ ലോറൻസും സുജാത ബോബനും ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ സിംഗിൾ ബെഞ്ചും സമാനമായ വിധി പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. മക്കൾ തമ്മിലുള്ള പ്രശ്‌നമാണിതെന്നും അനന്തമായി വിഷയം നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു വിഷയത്തിൽ നേരത്തെ മാധ്യസ്ഥനെ നിയോഗിച്ച് ഹൈക്കോടതി നടത്തിയ ചർച്ചകൾ പരാജയമായിരുന്നു.മൃതദേഹം നിലവിൽ എറണാകുളം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. എന്നാൽ എപ്പോൾ വന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എം എം ലോറൻസിന്റെ മകൾ ആശ ലോറൻസ് പറഞ്ഞു.

2024 സ്പെറ്റംബർ 24 നാണ് എം എം ലോറൻസ് മരിച്ചത്. ന്യൂമോണിയ ബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ജീവിച്ചിരുന്ന സമയത്ത് തന്നെ തന്റെ മൃതദേഹം വൈദ്യപഠനത്തിന് നൽകണമെന്ന ആവശ്യം ലോറൻസ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാനാകില്ലെന്നും മതപരമായ ചടങ്ങുകളോടെ സംസ്കരിക്കണമെന്നും ചൂണ്ടിക്കാണിച്ചാണ് മക്കളായ ആശ ലോറൻസ്, സുജാത ബോബൻ എന്നിവർ ഹൈക്കോടതിയെ സമീപിച്ചിരുന്നത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: