അറുപത്തിരണ്ടുകാരന് 102 വർഷം കഠിന തടവ് വിധിച്ച് കോടതി

തിരുവനന്തപുരം: അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അപ്പൂപ്പന് 102 വർഷം കഠിന തടവും 1,05,000 രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖയാണ് വിധി പറഞ്ഞത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും ഈ തുക അടച്ചില്ലെങ്കിൽ രണ്ട് വർഷവും മൂന്നുമാസവും കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു. കുട്ടിയുടെ അപ്പൂപ്പൻ ആയ പ്രതി നടത്തിയത് ക്രൂരമായ പ്രവൃത്തിയായതിനാൽ യാതൊരു ദയയും അർഹിക്കുന്നില്ലന്ന് കോടതി വിധി ന്യായത്തിൽ പറയുന്നു. സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമായതിനാൽ വലിയ ശിക്ഷ തന്നെ പ്രതി അനുഭവിക്കണമെന്നും ജഡ്ജി പറഞ്ഞു.

2020 നവംബർ മാസം മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മയുടെ അച്ഛന്റെ ചേട്ടനാണ് പ്രതിയായ അറുപത്തിരണ്ടുകാരൻ. കുട്ടി കളിക്കാനായി അപ്പൂപ്പന്റെ വീട്ടിൽ പോയപ്പോൾ ആണ് പ്രതി ഉപദ്രവിച്ചത്. വേദന കൊണ്ട് കുട്ടി കരഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി. പുറത്തു പറഞ്ഞാൽ ഉപദ്രവിക്കുമെന്ന് പറഞ്ഞതിനാൽ കടുത്ത വേദനയുണ്ടായിരുന്നെങ്കിലും കുട്ടി പേടിച്ചു പുറത്തു പറഞ്ഞില്ല.

മറ്റ് കുട്ടികളോടൊപ്പം കളിക്കുമ്പോൾ ‘ഈ അപ്പൂപ്പൻ മോശമാണെന്ന്’ കുട്ടി പറയുന്നത് അമ്മൂമ്മ കേട്ടിരുന്നു. അമ്മൂമ്മ കൂടുതൽ വിവരം ചോദിച്ചപ്പോഴാണ് പീഡനത്തിനെക്കുറിച്ച് പറഞ്ഞത്. അമ്മൂമ്മ കുട്ടിയുടെ രഹസ്യ ഭാഗം പരിശോധിച്ചപ്പോൾ അവിടെ ഗുരുതരമായി മുറിവേറ്റത് കണ്ടെത്തി. ഉടനെ ഡോക്ടറെ അറിയിച്ചു. പിന്നാലെ കഠിനംകുളം പൊലീസിൽ വിവരം അറിയിച്ചു. വൈദ്യ പരിശോധനയിൽ സ്വകാര്യ ഭാഗത്തെ മുറിവ് ഡോക്ടർ രേഖപ്പെടുത്തിയിരുന്നു.

പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർഎസ്. വിജയ് മോഹൻ, അഡ്വ. അതിയന്നൂർ അർ. വൈ. അഖിലേഷ് എന്നിവർ കോടതിയിൽ ഹാജരായി. പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കി. കഠിനംകുളം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദീപു കെ.എസ്, ഇൻസ്പെക്ടർ ബിൻസ് ജോസഫ് എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്. ലീഗൽ സർവീസ് അതോറിറ്റി കുട്ടിക്ക് നഷ്ട പരിഹാരം കൊടുക്കണമെന്നും വിധി ന്യായത്തിൽ പറയുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: