പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ പട്ടാമ്പിയിൽ കള്ളവോട്ട് ചെയ്യാൻ ശ്രമം. പാലക്കാട് പട്ടാമ്പിയിലാണ് മരിച്ചയാളുടെ പേരിൽ വോട്ട് ചെയ്യാൻ ശ്രമിച്ചത്. കൊപ്പം മുതുതല എയ്ഡഡ് അപ്പർ പ്രൈമറി സ്കൂളിലാണ് സംഭവം. ഒരു സ്ത്രീ പർദ്ദ ധരിച്ചെത്തിയാണ് ഒരു മാസം മുൻപ് മരിച്ചയാളുടെ പേരിൽ വോട്ട് ചെയ്യാൻ ശ്രമിച്ചത്.
അതേസമയം, സംസ്ഥാനത്ത് പോളിംഗ് പുരോഗമിക്കുകയാണ്. ഒന്നര മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് 3.78 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മുന്നണികള്‍ക്കും അഭിമാന പോരാട്ടം നടക്കുന്ന സംസ്ഥാനത്ത് പല മണ്ഡലങ്ങളും പ്രവചനാതീതമാണ്.
കഴിഞ്ഞ തവണ നടത്തിയ വന്‍ മുന്നേറ്റത്തിന്‍റെ തനിയാവർത്തനമാണ് യുഡിഎഫിന്‍റെ ലക്ഷ്യം. ഒരു സീറ്റെന്ന നാണക്കേടില്‍ നിന്നുളള കരകയറ്റവും മുന്നേറ്റവുമാണ് ഇടത് സ്വപ്നം. അക്കൗണ്ട് തുറന്ന് കേരളം ബാലികേറാ മലയല്ലെന്ന് തെളിക്കേണ്ട ദൗത്യമാണ് ബിജെപിക്ക്.
2,77,49,159 വോട്ടര്‍മാരാണ് ഇക്കുറിയുള്ളത്. കൂടുതലും സ്ത്രീകള്‍ തന്നെയാണ്. 5,34,394 പേര്‍ ജനാധിപത്യ പ്രക്രിയയില്‍ ആദ്യമായി പങ്കാളിയാകുന്ന കന്നിവോട്ടര്‍മാരാണ്. കഴിഞ്ഞ തവണ 77.84 ശതമാനമെന്ന മികച്ച പോളിങാണ് രേഖപ്പെടുത്തിയത്.

