തിരുവനന്തപുരം: പാറശ്ശാലയിൽ രക്തംവാർന്ന് റോഡരുകിൽ കണ്ടെത്തിയ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തമിഴ്‌നാട് കൊല്ലങ്കോട് വളളവിള സ്വദേശിയായ മുഹമ്മദ് അസീം (28) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ദമ്പതിമാരെ പൊഴിയൂർ പോലീസ് പിടികൂടി.
അപകടമരണമാക്കി ചിത്രീകരിക്കാൻ പ്രതികൾ നടത്തിയ ശ്രമം പൊഴിയൂർ പോലീസ് കണ്ടെത്തുകയായിരുന്നു. ദമ്പതികളായ കൊല്ലങ്കോട് മേടവിളാകം സ്വദേശി ഷമീർ (34), ചെങ്കവിളയ്ക്ക് സമീപം മങ്കുഴി ചെറുകോട് വീട്ടിൽ ജനീഫാ ആൽബർട്ട് (26) എന്നിവരെയാണ് പൊഴിയൂർ പോലീസ് പിടികൂടിയത്.
അസീമിനെ അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തിയ സ്ഥലത്ത് പൊഴിയൂർ പോലീസ് നടത്തിയ അന്വേഷണമാണ് അപകടമരണമായി മാറുമായിരുന്ന സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. അസീമിനെ ആശുപത്രിയിലേക്ക് മാറ്റുന്ന വേളയിൽ അർദ്ധബോധാവസ്ഥയിൽ ഷമീർ, ജനീഫ എന്നീ പേരുകൾ പറഞ്ഞതായി മെഡിക്കൽ സ്റ്റോർ ഉടമ പോലീസിന് മൊഴി നൽകിയിരുന്നു. അസീമിനെ കണ്ടെത്തിയ സ്ഥലത്ത് അപകടം നടന്നതിന്റെ യാതൊരു ലക്ഷണവും കണ്ടെത്താൻ സാധിക്കാതിരുന്നത് പോലീസിന് കൂടുതൽ സംശയത്തിന് കാരണമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികളായ ഇരുവരും പിടിയിലായത്.

