ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതകത്തില്‍ അമ്മ ശ്രീതുവിന് നേരിട്ട് പങ്കില്ലെന്ന നിഗമനത്തില്‍ പൊലീസ്. ശ്രീതുവിന്റെയും ജ്യോത്സ്യന്‍ ദേവീദാസന്റെയും മൊബൈല്‍ ഫോണ്‍ ഇന്ന് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ജ്യോത്സ്യന് പണം നല്‍കിയെന്ന മൊഴിയില്‍ ഇപ്പോഴും ഉറച്ച് നിൽക്കുകയാണ് ശ്രീതു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രിയും ശ്രീതുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകത്തില്‍ ഇവര്‍ക്ക് നേരിട്ട് പങ്കില്ലെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.
ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസ് നിലവില്‍ ശ്രമിക്കുന്നത്. അമ്മയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ആരോപണങ്ങളാണ് പൊലീസ് കൂടുതലായും അന്വേഷിക്കുന്നത്. പല ഘട്ടങ്ങളിലായി ജോത്സ്യന് പണം നല്‍കിയെന്ന ശ്രീതുവിന്റെ പരാതിയിലാണ് ഇപ്പോള്‍ വിശദമായ അന്വേഷണം നടക്കുന്നത്.
ദേവീദാസനെ ഇന്നും പൊലീസ് വിശദമായി ചോദ്യം ചെയ്യും. കേസില്‍ തന്നെ ബന്ധപ്പെടുത്താന്‍ ബോധപൂര്‍വം ശ്രമം നടന്നുവെന്ന് ജോത്സ്യന്‍ ദേവീദാസന്‍ പറഞ്ഞു. പരാതി കിട്ടിയതുകൊണ്ടാണ് സ്റ്റേഷനില്‍ പോയത്. കോവിഡിന് മുമ്പാണ് ഹരികുമാര്‍ തന്റെ അടുത്ത് വന്നത്. ബുദ്ധിമാന്ദ്യം മാറി കിട്ടട്ടെ എന്ന് കരുതിയാണ് തന്റെ അടുത്ത് കൊണ്ട് വന്നതെന്ന് ദേവീദാസന്‍ പറഞ്ഞു. അവസാനമായി ഹരികുമാറിനെയും ശ്രീതുവിനെയും ഏഴുമാസം മുമ്പാണ് കണ്ടതെന്ന് ദേവീദാസന്‍ പറയുന്നു.
വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ ഇളയമകൾ രണ്ടുവയസ്സുകാരി ദേവേന്ദുവിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കിട്ടിയത്. അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പം രാത്രി ഉറങ്ങാൻ കിടന്ന ദേവേന്ദുവിനെ കാണാനില്ലെന്നായിരുന്നു ആദ്യ വിവരങ്ങൾ. ഫയർഫോഴസാണ് കുഞ്ഞിന്റെ മൃതേദഹം കിണറ്റിൽ നിന്ന് പുറത്തെടുത്തത്. തുടക്കം മുതൽ തന്നെ കൊലപാതകമെന്ന സംശയത്തിലുറച്ചാണ് പൊലീസ് നീങ്ങിയത്. പ്രാഥമിക മൊഴികളിൽ പൊരുത്തക്കേടുകൾ നിറഞ്ഞതോടെയാണ് അമ്മയെയും അച്ഛനെയും മുത്തശ്ശി ശ്രീകലയെയും അമ്മയുടെ സഹോദരൻ ഹരികുമാറിനെയും കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യലിൽ അമ്മാവൻ ഹരികുമാർ പൊലീസിനെ വട്ടം കറക്കി. അന്വേഷിച്ച് കണ്ടുപിടിക്കെന്നായിരുന്നു ഹരികുമാറിന്റെ പൊലീസിനോടുള്ള വെല്ലുവിളി. ശ്രീതുവും ഹരികുമാറും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് അടക്കം ശേഖരിച്ചുള്ള പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഒടുവിലായിരുന്നു കുറ്റസമ്മതം
