പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് മുതൽ പ്രദേശവാസികളുടെ വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കാനുള്ള തീരുമാനം മാറ്റി. പ്രതിഷേധത്തെ തുടർന്ന് പ്രദേശവാസികളിൽ നിന്ന് ഫെബ്രുവരി 28 വരെ ടോൾ പിരിക്കില്ലെന്ന് ടോൾ കമ്പനി അറിയിച്ചു. ഈ മാസം 28ന് നടക്കുന്ന ചർച്ചയ്ക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.
പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെ വാഹനങ്ങളിൽ നിന്നും ഫെബ്രുവരി 17 മുതൽ ടോൾ പിരിക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് മാറ്റം. ആറ് പഞ്ചായത്തുകളിലെ ജനങ്ങളിൽ നിന്നും സ്കൂൾ വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും സൗജന്യം തുടരണമെന്നും ആവശ്യപ്പെട്ട് സംയുക്ത സമരസമിതി പന്നിയങ്കര ടോൾ പ്ലാസയ്ക്ക് മുൻപിൽ പ്രതിഷേധ സമരം നടത്തി. ടോൾ പിരിച്ചാൽ തടയുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെയാണ് ഫെബ്രുവരി 28 വരെ ടോൾ പിരിക്കില്ലെന്ന് ടോൾ കമ്പനി അറിയിച്ചത്.
