സ്‌കൂളില്‍ പോകേണ്ടെന്ന് കുട്ടികളോട് ആഹ്വാനം ചെയ്ത യുട്യൂബറുടെ പേരില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പോലീസില്‍ പരാതി നല്‍കി

പത്തനംതിട്ട: പരീക്ഷ അടുത്തുവരുന്നതിനാല്‍ ഹയര്‍സെക്കന്‍ഡറി കുട്ടികൾ ഇനി സ്‌കൂളില്‍ പോകേണ്ടെന്ന് കുട്ടികളോട് ആഹ്വാനം ചെയ്ത യുട്യൂബറുടെ പേരില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പോലീസില്‍ പരാതി നല്‍കി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറാണ് പരാതി നല്‍കിയത്. എഡ്യൂപോര്‍ട്ട് എന്ന യുട്യൂബ് ചാനലിലൂടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന വീഡിയോ കുട്ടികള്‍ക്കിടയില്‍ പ്രചരിക്കുന്ന വിവരം വാർത്തകളിലൂടെ പുറത്തുവന്നിരുന്നു.

വീഡിയോ ശ്രദ്ധയില്‍പ്പെട്ട വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി, പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ഇക്കാര്യത്തില്‍ ഇടപെടാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പരാതി നല്‍കിയതിന്റെ തുടര്‍ച്ചയായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഡി.ജി.പി.യെ നേരില്‍ കാണും. പരീക്ഷയെഴുതാന്‍ മതിയായ ഹാജര്‍ നിര്‍ബന്ധമാണെന്ന് മന്ത്രി വ്യക്തമാക്കി. ‘ഇനി വീട്ടിലിരുന്ന് പഠിക്കാം’ എന്ന തലക്കെട്ടില്‍ 13 ദിവസം മുമ്പാണ് വീഡിയോ വന്നത്.

മാര്‍ച്ചില്‍ പരീക്ഷ വരുന്നതിനാല്‍ ഇനി സ്‌കൂളില്‍ പോയി സമയം പാഴാക്കരുതെന്നായിരുന്നു വീഡിയോയിലൂടെയുള്ള ആഹ്വാനം. വിദ്യാഭ്യാസപ്രക്രിയയെ പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നതരത്തിലുള്ള വീഡിയോവന്നത് എഡ്യൂപോര്‍ട്ട് എന്ന യുട്യൂബ് ചാനലിലാണ്. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളോടാണ് അവതാരകന്റെ ഉപദേശം. കുട്ടികളെ വഴിതെറ്റിക്കുന്ന വീഡിയോയെക്കുറിച്ച് അധ്യാപകര്‍ക്കിടയില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.

സ്‌കൂളില്‍ പോകാതിരുന്നാല്‍ ഹാജര്‍ പ്രശ്‌നത്തെക്കുറിച്ച് ചിന്തിക്കുകയേ വേണ്ടെന്നാണ് അവതാരകന്റെ വിശദീകരണം. ഹാജരില്ലാത്തതിന്റെ പേരില്‍ ഒരു സ്‌കൂളിലും കുട്ടികളെ പരീക്ഷയെഴുതിക്കാത്ത സംഭവം ഉണ്ടായിട്ടില്ലെന്നും ഇയാള്‍ പറയുന്നു. രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ സ്‌കൂളില്‍ പോയാല്‍ പഠിക്കാനുള്ള സമയം നഷ്ടപ്പെടുമെന്നാണ് ഇയാളുടെ കണ്ടെത്തല്‍. വീട്ടിലിരിക്കുന്നതിന്റെ കാരണം രക്ഷിതാക്കളെ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതിലാണ് കുട്ടികളുടെ വിജയമെന്നാണ് മറ്റൊരുപദേശം.

നിരന്തര മൂല്യനിര്‍ണയം (സി.ഇ.) അധ്യാപകരുടെ വജ്രായുധമാണ്. പക്ഷേ, അതിലൊന്നും കാര്യമില്ല. ആ മാര്‍ക്കൊക്കെ വിദ്യാഭ്യാസവകുപ്പില്‍ എത്തിയെന്നും വീഡിയോയില്‍ പറയുന്നു. ഫെബ്രുവരി 17-ന് തുടങ്ങുന്ന മോഡല്‍പരീക്ഷയെ ഗൗരവമായി എടുക്കരുതെന്നും പറയുന്നു. സി.ഇ. മാര്‍ക്ക് വിദ്യാഭ്യാസവകുപ്പില്‍ എത്തിയെന്നത് ശരിയല്ലെന്ന് അധ്യാപകര്‍ പറഞ്ഞു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതേയുള്ളൂ.

സ്‌കൂളില്‍ പോകാതിരുന്നാല്‍ ഹാജര്‍ പ്രശ്നത്തെ കുറിച്ച് ചിന്തിക്കേണ്ടെന്നും നിരന്തര മൂല്യനിര്‍ണയത്തിന്റെ മാര്‍ക്കിന്റെ പേരില്‍ അധ്യാപകര്‍ കുട്ടികളെ പേടിപ്പിക്കുകയുമാണെന്നാണ് വീഡിയോയിലൂടെ ഇയാള്‍ പ്രചരിപ്പിച്ചത്. ഫെബ്രുവരി 17-ന് നടക്കുന്ന മോഡല്‍ പരീക്ഷയെ കാര്യമായി എടുക്കരുതെന്ന് ഇയാളുടെ തന്നെ മറ്റൊരു വീഡിയോയില്‍ പറയുന്നുമുണ്ട്. സ്‌കൂളില്‍ പോകാതിരുന്നാല്‍ രക്ഷിതാക്കളെ കൊണ്ട് അധ്യാപകരെ വിളിപ്പിച്ച് നല്ല സുഖമില്ലെന്ന് കള്ളം പറയണമെന്നും വീഡിയോയില്‍ പറയുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: