Headlines

എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായ ആരോപണങ്ങളിൽ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും



തിരുവനന്തപുരം: എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായ പരാതികളിൽ ഡിജിപി നടത്തിയ അന്വേഷണ റിപ്പോർട്ട് ഇന്ന് സംസ്ഥാന സർക്കാരിന് കൈമാറും. കഴിഞ്ഞ ദിവസം റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിലുണ്ടായ കാലതാമസമാണ് റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയതിന് കാരണമെന്നാണ് സൂചന. എംആർ അജിത് കുമാർ ഉന്നത ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ച സംബന്ധിച്ച് എഡിജിപിയെ തള്ളിയും മറ്റു വീഴ്ച്ചകളിൽ എഡിജിപിയെ താങ്ങിയുമാകും ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.


എംആർ അജിത് കുമാർ രണ്ട് ഉന്നത ആർഎസ് എസ് നേതാക്കളെ കണ്ടതിലെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപിയുടെ നിലപാട്. എന്നാൽ മാമി തിരോധാനമടക്കം അൻവർ ഉന്നയിച്ച കേസുകളിൽ അജിതിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തൽ റിപ്പോർട്ടിലുണ്ടാകില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ ഉപസമിതിയോഗത്തിലും അജിത്തിനെ മാറ്റാതെ പറ്റില്ലെന്ന നിലപാടാണ് ഘടകക്ഷിയായ സിപിഐ സ്വീകരിച്ചത്. വിവാദ നായകൻ എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടി വൈകുന്നത് പ്രതിച്ഛായയെ ബാധിക്കില്ലേയെന്നും നേരത്തെ തന്നെ നടപടി എടുക്കണമായിരുന്നുവെന്നും ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റിയിലും അഭിപ്രായമുണ്ടായി.

എഡിജിപിക്ക് വീഴ്ചയുണ്ടെന്നാണ് വിലയിരുത്തലെന്നും എന്നാൽ നടപടിയെടുക്കുന്നത് ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആകാമെന്നാണ് പ്രഖ്യാപിത നിലപാടെന്നും നേതൃത്വം അറിയിച്ചു. സമ്മർദ്ദത്തിന് വഴങ്ങി മാറ്റിയെന്ന തോന്നലുണ്ടാക്കുന്നത് ഗുണം ചെയ്യില്ലെന്നും നേതൃത്വം നിലപാടെടുത്തു. ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് കയ്യിൽ കിട്ടട്ടെ, അതുവരെ കാത്തിരിക്കാമെന്നാണ് എംവി ഗോവിന്ദൻ സംസ്ഥാന കമ്മിറ്റിയെ അറിയിച്ചത്. ഇതിനൊക്കെ ഒടുവിലാണ് ഇന്ന് ഡിജിപിയുടെ അന്തിമ റിപ്പോർട്ട് സർക്കാറിലേക്ക് എത്താൻ പോകുന്നത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: