വാട്ടര്‍ അതോറിറ്റി എല്‍ഡി ക്ലര്‍ക്ക്, അധിക യോഗ്യതയുള്ളവരെ ഒഴിവാക്കണം: ഹൈക്കോടതി

കൊച്ചി: വാട്ടർ അതോറിറ്റിയിലെ എൽഡി ക്ലർക്ക് നിയമനത്തിനായി തയ്യാറാക്കിയ റാങ്ക് ലിസ്റ്റിൽ നിന്ന് വിജ്ഞാപനത്തിൽ പറഞ്ഞതിനേക്കാൾ അധിക യോഗ്യതയുള്ളവരെ ഒഴിവാക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു. റാങ്ക് പട്ടിക പുനഃക്രമീകരിക്കാൻ ഒരു മാസത്തെ സമയമാണ് ഡിവിഷൻ ബെഞ്ച് അനുവദിച്ചിരിക്കുന്നത്.

റാങ്ക് ലിസ്റ്റിൽ ഉയർന്ന യോഗ്യതയുള്ളവരെ ഒഴിവാക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീൽ തീർപ്പാക്കിയാണ് ജസ്റ്റിസ് അനു ശിവരാമൻ, ജസ്റ്റിസ് സി പ്രദീപ് കുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. വിജ്ഞാപനം വന്ന 2012 മുതൽ കോടതി കയറുന്ന കേസിനാണിപ്പോൾ തീർപ്പായിരിക്കുന്നത്.

ഏതെങ്കിലും വിഷയത്തിൽ ബിരുദവും എൽബിഎസ്/ ഐഎച്ച്ആർഡി അല്ലെങ്കിൽ തത്തുല്യ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡേറ്റാ എൻട്രി ആന്റ്റ് ഓഫീസ് ഓട്ടോ മേഷനിൽ മൂന്നു മാസത്തിൽ കുറയാത്ത സർട്ടിഫിക്കറ്റ് കോഴ്സും ആയിരുന്നു യോഗ്യതയായി വിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്.

എൽഡി ക്ലർക്ക് തസ്‌തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതയെ ചൊല്ലിയായിരുന്നു വ്യവഹാരം മുഴുവൻ. എന്നാൽ ഉയർന്ന യോഗ്യ പരിഗണിക്കാത്തതിനെത്തുടർന്ന് അത്തരം ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചു. വിജ്ഞാപനത്തിൽ പറഞ്ഞ യോഗ്യതയുള്ളവരെയേ പരിഗണിക്കാനാകൂ എന്ന പിഎസ്സി നിലപാട് അംഗീകരിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ ഈ ഹർജികൾ തീർപ്പാക്കി.

ഇതിനെത്തുടർന്നാണ് 2022ൽ പരീക്ഷ നടന്നത്. എന്നാൽ റാങ്ക് പട്ടിക വന്നപ്പോൾ അധിക യോഗ്യതയുള്ളവരും ഉൾപ്പെട്ടു. ഇതിനെതിരെ നൽകിയ ഹർജിയിൽ വിജ്ഞാപനത്തിൽ പറയുന്ന യോഗ്യത കണക്കിലെടുത്ത് പട്ടിക പുനഃക്രമീകരിക്കാൻ സിംഗിൾ ബെഞ്ച് കഴിഞ്ഞ ഒക്ടോബര്ഡ 30ന് ഉത്തരവിട്ടു. ഇതിനെതിരായായിരുന്നു അപ്പീൽ.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: