തൃശൂർ:ആനയെ ലോറിയിൽ കൊണ്ടുപോകുന്നതിനിടെയുണ്ടായ അപകടത്തിൽ ആനയുടെ കൊമ്പ് അറ്റുവീണു. തൃശൂർ ചാവക്കാട് മണത്തലയിലാണ് സംഭവം. കൊമ്പൻ കുളക്കാടൻ കുട്ടികൃഷ്ണനാണ് പരിക്കേറ്റത്. കുളക്കാടൻ കുട്ടികൃഷ്ണനെ ലോറിയിൽ കൊണ്ടുപോകുന്നതിനിടെ എതിരെ വന്ന ലോറിയിൽ കൊമ്പ് ഇടിക്കുകയായിരുന്നു.
വീതി കുറഞ്ഞ റോഡിൽ ടാങ്കർ ലോറിയ്ക്ക് പോകുന്നതിനായി ആനയെ കയറ്റിയ ലോറി ഒതുക്കി നിർത്തുകയായിരുന്നു.ടാങ്കർ ലോറി കടന്നുപോകുന്നതിനിടെ ലോറിയിലുണ്ടായിരുന്ന ആന കൊമ്പുകൊണ്ട് ടാങ്കർ ലോറിയിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ കൊമ്പ് അറ്റ് വീഴുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെടാതെ ടാങ്കർ ലോറി നിർത്താതെ പോവുകയായിരുന്നു. തൃശൂരിൽനിന്നുള്ള ഡോക്ടർമാരെത്തി ആനയ്ക്ക് പ്രാഥമിക ശുശ്രൂഷ നൽകി. ഉത്സവങ്ങളിൽ സ്ഥിരമായി എഴുന്നള്ളിക്കാറുള്ള കുളക്കാടൻ കുട്ടികൃഷ്ണന് ആരാധകർ ഏറെയാണുള്ളത്. സാമൂഹിക മാധ്യമങ്ങളിൽ രണ്ടു കൊമ്പുകളുമായി തലയെടുപ്പോടെ കുളക്കാടൻ കുട്ടികൃഷ്ണൻ നിൽക്കുന്നതിന്റെ വീഡിയോകളും സജീവമാണ്.
