ആലപ്പുഴ: ഒരിക്കല്‍ വഴിപിരിഞ്ഞവര്‍ 14 വര്‍ഷത്തിനുശേഷം വീണ്ടും സ്‌നേഹത്തിന്റെ വഴിയിലെത്തി. ശുഭനിമിഷത്തിനു സാക്ഷിയായി ഏക മകള്‍. ആലപ്പുഴ കുടുംബക്കോടതിയാണ് വിവാഹമോചിതരായ ദമ്പതിമാരുടെ അപൂര്‍വ പുനഃസമാഗമത്തിനു വേദിയായത്. ഇവരുടെ ഒത്തുചേരലിനു നിമിത്തമായത് മകളുടെ സുരക്ഷിതമായ ഭാവിയെന്ന ഉത്തരവാദിത്വം. കോടതി ഇടപെടലില്‍ അഭിഭാഷകരുടെ സാന്നിധ്യത്തിലായിരുന്നു അവര്‍ വീണ്ടും കൈകോര്‍ത്തത്. ഏക മകള്‍ അഹല്യക്ക് വേണ്ടിയാണ് ആലപ്പുഴ സനാതനപുരം സ്വദേശികളായ സുബ്രഹ്മണ്യനും കൃഷ്ണകുമാരിയും വീണ്ടും വിവാഹിതരാകുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓഫീസ് അസിസ്റ്റന്റായ ആലപ്പുഴ സനാതനപുരം അശ്വതി നിവാസില്‍ സുബ്രഹ്മണ്യന്‍ എസ് 2006 ഓഗസ്റ്റ് 31നാണ് രാധാ നിവാസ് കുതിരപ്പന്തിയിലെ പി കൃഷ്ണകുമാരി യെ വിവാഹം കഴിച്ചത്. 2008ല്‍ കൃഷ്ണകുമാരി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പിന്നീട് കുടുംബ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും വിവാഹമോചനം ആവശ്യപ്പെട്ട് ആലപ്പുഴ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു. 2010 മാര്‍ച്ച് 29 ന് കോടതി വിവാഹമോചനം അനുവദിച്ചു.
2020 ല്‍ ജീവനാംശം ആവശ്യപ്പെട്ട് കൃഷ്ണകുമാരി വീണ്ടും കുടുംബകോടതിയെ സമീപിച്ചു. സുബ്രഹ്മണ്യനോട് 2000 രൂപ ജീവനാംശം അനുവദിക്കാന്‍ കോടതി ഉത്തരവിട്ടു. ജീവനാംശം നല്‍കാന്‍ സുബ്രഹ്മണ്യന്‍ തയ്യാറായില്ല. മാത്രമല്ല വിവാഹമോചന സമയത്ത് ജീവനാംശം ആവശ്യപ്പെട്ടില്ലെന്നായിരുന്നു സുബ്രഹ്മണ്യന്റെ വാദം. അങ്ങനെ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. ജീവനാംശം നല്‍കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ജീവനാംശം അനുവദിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെ കേസ് വീണ്ടും ആലപ്പുഴ കോടതിയിലെത്തി.
കേസ് നടക്കുന്നതിനിടെ മകള്‍ക്ക് വേണ്ടി ഇരുകക്ഷികളും വീണ്ടും ഒന്നിക്കാന്‍ തയ്യാറാണെന്ന് കൃഷ്ണകുമാരിയുടെ അഭിഭാഷകന്‍ സൂരജ് ആര്‍ മൈനാഗപ്പള്ളി ജഡ്ജിയോട് പറഞ്ഞു. ഇരുവരോടും കൗണ്‍സിലിങ്ങിന് വിധേയരാകാന്‍ ജഡ്ജി വി എസ് വിദ്യാധരന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് കൗണ്‍സിലിങ് വിജയകരമായി പൂര്‍ത്തിയായെന്നും കോടതിയെ അറിയിച്ചു. വിവാഹമോചനത്തിന് ശേഷം സുബ്രഹ്മണ്യനും കൃഷ്ണകുമാരിയും പുനര്‍വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. അച്ഛനും അമ്മയും വീണ്ടും ഒന്നിക്കണമെന്ന് അവരുടെ മകളും ആഗ്രഹിച്ചിരുന്നു.
ഏതായാലും കുടുംബ കോടതിയുടെ വിവാഹമോചന ഉത്തരവ് റദ്ദാക്കാനും പുനര്‍വിവാഹം രജിസ്റ്റര്‍ ചെയ്യാനും ദമ്പതികള്‍ വ്യാഴാഴ്ച സംയുക്ത അപേക്ഷ നല്‍കി

