കോഴിക്കോട്: ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നവവധു ആർദ്ര ബാലകൃഷ്ണന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പയ്യോളി പോലീസ്. കോഴിക്കോട് ചേലിയ സ്വദേശിനിയാണ് മരിച്ച ആർദ്ര ബാലകൃഷ്ണൻ. ഫെബ്രുവരി രണ്ടിനായിരുന്നു ആർദ്രയുടെ വിവാഹം. ഇന്നലെ രാത്രി എട്ടരയോടെ അർദ്രയെ പയ്യോളിയിലെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ശുചിമുറിയിലെ ജനാലയിൽ തൂങ്ങിയ നിലയിൽ കണ്ട ആർദ്രയെ ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന ഭർത്താവ് ഷാനും അമ്മയും ചേർന്നാണ് കൊയിലാണ്ടി താലൂക് ആശുപത്രിയിൽ എത്തിച്ചത്. തൊട്ടടുത്തുള്ള നാട്ടുകാരെയും വീട്ടുകാരെയും ഷാനും അമ്മയും ആർദ്ര തൂങ്ങിയ കാര്യം അറിയിച്ചില്ലെന്ന് യുവതിയുടെ അമ്മാവൻ കുറ്റപ്പെടുത്തി. ഇന്നലെ വൈകിട്ടും ആർദ്ര അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി യുവതി പറഞ്ഞിരുന്നില്ലെന്നാണ് ഇവർ പറയുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു ആർദ്രയും ഷാനും തമ്മിലുള്ള വിവാഹം. കോഴിക്കോട് ലോ കോളജിലെ മൂന്നാം വർഷ നിയമ വിദ്യാർത്ഥിയാണ് ആർദ്ര. വിദേശത്ത് ജോലി ചെയ്യുന്ന ഷാൻ രണ്ട് ദിവസത്തിന് ശേഷം ഗൾഫിലേക്ക് മടങ്ങിപ്പോകാൻ ഇരുന്നതാണ്. ഈ സമയത്താണ് യുവതിയുടെ അപ്രതീക്ഷിത മരണം.