സ്വന്തം മകളുടെ വിവാഹവേദിയിൽ ആദിവാസി യുവതിയുടെ കൂടി വിവാഹം നടത്തി മാതൃയായി അച്ഛൻ

പത്തനംതിട്ട: സ്വന്തം മകളുടെ വിവാഹവേദിയിൽ ആദിവാസി യുവതിയുടെ കൂടി വിവാഹം നടത്തി ഒരു പഞ്ചായത്ത് പ്രസിഡെന്റ്. പത്തനംതിട്ട റാന്നിയുടെ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. പ്രകാശാണ് ഇത്തരത്തിൽ മാതൃകയായത്. മകളുടെ വിവാഹത്തിന്റെ ആഡംബരം കുറച്ച അച്ഛൻ അതിന്റെ പകിട്ട് കൂട്ടി. സ്വർണ്ണത്തിനും ആർഭാടങ്ങൾക്കും ഒക്കെ ചെലവിടേണ്ട പണം നിർധനയായ പെൺകുട്ടിയുടെ സ്വപ്നം പൂവണിയാനായി മാറ്റി വച്ചു.

കെ.ആർ. പ്രകാശിന്‍റെ മകൾ ആതിരയാണ് വിവാഹിതയായത്. തൊട്ടുപിന്നാലെ, നിലവിളക്കും താലപ്പൊലിയുമൊക്കെയായി അതേ വേദിയിലേക്ക് അടുത്ത വധൂവരന്മാരെത്തി. ശബരിമല വനമേഖലയിലെ പ്ലാപ്പള്ളിയിൽ താമസിക്കുന്ന സോമിനിയും ളാഹ മഞ്ഞത്തോട് ഊരിലെ രാജിമോനുമാണ് ദമ്പതികൾ. ഗോത്ര ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹ ചടങ്ങുകൾ. ഏകമകളുടെ വിവാഹം ലളിതമായി നടത്തിയാണ് സോമിനിക്കും രാജിമോനും പ്രകാശൻ വെളിച്ചമേകിയത്.

ദമ്പതികളെ ഊരിന് പുറത്ത് കൊണ്ടുവന്ന് ജോലി വാങ്ങി നൽകി മിടുക്കരായി മാറ്റാനുള്ള തീരുമാനമാണ് എടുത്തിരിക്കുന്നതെന്ന് റാന്നി പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. പ്രകാശ് പറഞ്ഞു. അച്ഛൻ തന്ന ഏറ്റവും വലിയ വിവാഹ സമ്മാനമാണിതെന്ന് മകൾ ആതിരയും പറഞ്ഞു. ഒരേ വിവാഹവേദിയിൽ ആ പെൺകുട്ടിയുടേയും വിവാഹം നടന്നതിൽ സന്തോഷമുണ്ട്. എന്താണ് പറയേണ്ടതെന്നറിയില്ല. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോകുന്നുവെന്ന് ആതിര പറഞ്ഞു. മംഗല്യസ്വപ്നം പൂവണിഞ്ഞതിന്‍റെ സന്തോഷത്തിലാണ് സോമിനിയും രാജിമോനും. ജനപ്രതിനിധികളടക്കം നിരവധി പേരാണ് വിവാഹ ആശംസകളുമായെത്തിത്.

ജാതിയും മതവും കൊണ്ട് മനുഷ്യനെ വേർതിരിച്ച കാലം ഇനി ഇല്ലെന്ന് ഓർമിപ്പിക്കുന്നു. അയിത്ത ആചാരങ്ങൾക്ക് തീണ്ടലായി. സ്വന്തം മകൾക്ക് അച്ഛൻ നൽകിയ വിവാഹ സമ്മാനം ഒരു മാതൃകയാവുകയാണ്. എല്ലാം മനുഷ്യർ. ഇനിയും മാറി ചിന്തിച്ചിട്ടില്ലാത്തവർ ഒറ്റപ്പെടേണ്ടിവരും. കാരണം കാലം പ്രകാശനിലൂടെ മുന്നോട്ടു പോവുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: