കൊച്ചി: ഫെബ്രുവരിയിലെ ലാഭ നഷ്ട കണക്കുകൾ പുറത്തുവിട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഫെബ്രുവരിയിൽ റിലീസ് ചെയ്ത 16 സിനിമകളിൽ 12 സിനിമകളും നഷ്ടമാണ്. 73 കോടി രൂപ മുതൽ മുടക്കിൽ 16 സിനിമകൾ റിലീസ് ചെയ്തു. അതിൽ തിയറ്ററുകളിൽ നിന്ന് തിരികെ നേടിയത് 23 കോടി രൂപ മാത്രമാണെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു. നാല് സിനിമകൾ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഒന്നരക്കോടി രൂപ മുടക്കിയ സിനിമ തിയറ്ററുകളിൽ നിന്ന് കളക്ട് ചെയ്തത് 10,000 രൂപ മാത്രമാണെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു.
ഓഫീസർ ഓൺ ഡ്യൂട്ടി മാത്രമാണ് ലാഭത്തോട് ഏകദേശം അടുത്ത് നിൽക്കുന്ന ചിത്രം. 13 കോടി രൂപയായിരുന്നു ചിത്രത്തിന്റെ നിർമാണ ചെലവ്. 11 കോടി രൂപ തിയറ്ററുകളിൽ നിന്ന് ചിത്രം ഇപ്പോൾ കളക്ഷൻ നേടി. ബ്രോമൻസ് ആണ് മറ്റൊരു ചിത്രം. എട്ട് കോടി മുതൽ മുടക്കിൽ എടുത്ത ചിത്രം നാല് കോടി രൂപയാണ് തിയറ്ററുകളിൽ നിന്ന് നേടിയത്. ഒന്നരക്കോടി മുതൽ മുടക്കിൽ എടുത്ത ലൗ ഡെയ്ൽ എന്ന ചിത്രം 10000 രൂപ മാത്രമാണ് കളക്ഷൻ നേടിയത്.
ധ്യാൻ ശ്രീനിവാസൻ നായകനായ ആപ് കൈസേ ഹോ എന്ന ചിത്രം രണ്ടരക്കോടി മുതൽ മുടക്കിലാണ് ഒരുക്കിയത്. അഞ്ച് ലക്ഷം രൂപ മാത്രമാണ് ചിത്രത്തിന് തിരിച്ചു പിടിക്കാനായത്. ഓരോ സിനിമയുടേയും ബജറ്റും കളക്ഷൻ തുകയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ടിട്ടുണ്ട്.
തിയറ്റര്‍ ഷെയര്‍ അഥവാ നെറ്റ് കളക്ഷന്‍ ആണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ബോക്സ് ഓഫീസ് കളക്ഷനില്‍ നിന്ന് വിനോദ നികുതി അടക്കമുള്ളവ ഒഴിവാക്കിയതിന് ശേഷം ലഭിക്കുന്ന തുകയാണ് തിയറ്റര്‍ ഷെയര്‍ അഥവാ നെറ്റ് കളക്ഷന്‍
