കൊച്ചി: സംസ്ഥാനത്ത് ദിവസവും വില്പന നടത്തുന്ന ലോട്ടറികളുടെ ഒന്നാം സമ്മാനത്തുക ഒരു കോടിയായി വർദ്ധിപ്പിക്കാൻ ലോട്ടറി വകുപ്പ്
കുറഞ്ഞ സമ്മാനത്തുക 100ല്‍ നിന്ന് 50 രൂപയാക്കും. ടിക്കറ്റുകളുടെ വില 40ല്‍ നിന്ന് 50 രൂപയായി വർദ്ധിപ്പിച്ചേക്കും. വകുപ്പ് സർക്കാരിന് സമർപ്പിച്ച ശുപാർശയില്‍ റംസാന് ശേഷം തീരുമാനമുണ്ടായേക്കും.
വില്പന കൂടുതല്‍ ആകർഷകമാക്കാനും വരുമാന വർദ്ധനയും ലക്ഷ്യമിട്ടാണ് നീക്കം. നിലവില്‍ ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറിക്ക് (വില 50 രൂപ) മാത്രമാണ് ഒരു കോടി രൂപ സമ്മാനമുള്ളത്. മറ്റു ടിക്കറ്റുകളുടെ സമ്മാനവും വിലയും ഇതിന് സമാനമായി ഉയർത്തി ഏകീകരിക്കാനാണ് നീക്കം. ബമ്ബറുകളുടെ ഒന്നാംസമ്മാനം അതത് സമയത്താണ് തീരുമാനിക്കുന്നത്.
നിലവില്‍ വിറ്റുവരവിന്റെ 54 ശതമാനമാണ് സമ്മാനമായി നല്‍കുന്നത്. ഇത് 58 ശതമാനമായി വർദ്ധിപ്പിക്കും. ടിക്കറ്റുകളുടെ അച്ചടിയും കൂട്ടും. നിലവില്‍ അച്ചടിക്കുന്നവയെല്ലാം വിറ്റുതീരുന്നത് കണക്കിലെടുത്താണിത്. കഴിഞ്ഞ ബഡ്ജറ്റില്‍ അച്ചടി വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലോട്ടറി സീരീസുകളുടെ എണ്ണം 12ല്‍ നിന്ന് 15 ആക്കാനും ശുപാർശയുണ്ട്.



