തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള സംസ്ഥാനത്തെ ആദ്യ വെഡിങ് ഡെസ്റ്റിനേഷനിലെ ആദ്യവിവാഹം നാളെ. ശംഖുമുഖം ബീച്ച് പാർക്കിലാണ് ന്യൂജെൻ കല്യാണ വേദി ഉദ്‌ഘാടനത്തിനൊരുങ്ങുന്നത്. മലയാളികൾക്കേറെ പ്രിയപ്പെട്ടതാണ് കടൽതീരവും കടപ്പുറം കാഴ്ചകളുമെല്ലാം. വൈകുന്നേരങ്ങളിലും മറ്റും കൂട്ടുകാർക്കും വീട്ടുകാർക്കുമൊപ്പം കടൽകാറ്റും അലകടലിന്റെ സൗന്ദര്യവും ആസ്വദിച്ചിരിക്കാൻ ആഗ്രഹിക്കാത്തവരുണ്ട്? അത്തരം അനുഭവങ്ങൾക്ക് മാറ്റ് കൂട്ടുന്നതാണ് വിദേശരാജ്യങ്ങളിലേതിനു സമാനമായി തലസ്ഥാനത്ത് ഒരുക്കിയിട്ടുള്ള വെഡിങ് ഡെസ്റ്റിനേഷന്‍.
ശംഖുമുഖം ബീച്ചിന് സമീപത്തെ ബീച്ച് പാര്‍ക്കിലാണ് മനോഹരമായ വെഡിങ് ഡെസ്റ്റിനേഷന്‍ ഉദ്ഘാടനത്തിനൊരുങ്ങിയിരിക്കുന്നത്. കടലിന്‍റെ പശ്ചാത്തലത്തില്‍ അലങ്കരിച്ച ഓപ്പണ്‍ കല്യാണ മണ്ഡപത്തിലാണ് വിവാഹം. സിനിമകളിലും വിദേശങ്ങളിലും കണ്ടിരുന്ന ഈ ന്യൂജെന്‍ കല്യാണങ്ങള്‍ ഇനി തലസ്ഥാനത്തും നടക്കും. ശംഖുമുഖത്തെ കേന്ദ്രം സജ്ജമായതോടെ ഇനി വെഡിങ് ഡെസ്റ്റിനേഷനായി തായിലാന്‍ഡിലും ബാലിയിലുമൊന്നും പോകേണ്ടിവരില്ല. ജില്ലാ ടൂറിസം വികസന സഹകരണ സൊസൈറ്റിക്കാണ് നടത്തിപ്പ് ചുമതല. കനകക്കുന്നിനും മാനവീയത്തിനുമൊപ്പം തലസ്ഥാനത്തെ അടുത്ത നൈറ്റ് ലൈഫ് കേന്ദ്രമാവും ശംഖുമുഖവും. നാളത്തെ കല്യാണത്തിനായി ഇവിടെ ഒരുക്കങ്ങളും തകൃതിയായി നടക്കുന്നുണ്ട്. ഒരുക്കങ്ങള്‍ കാണുന്നതിനായി നവവധൂവരന്മാരും ഇന്നലെ സ്ഥലത്തെത്തി. രണ്ട് കോടി ചിലവിൽ പദ്ധതി പൂർത്തിയാകുന്നതോടെ ടൂറിസം മേഖലയിൽ വമ്പിച്ച മാറ്റങ്ങളുണ്ടാകുമന്നാണ് പ്രതീക്ഷ.
