ചാലക്കുടിയിൽ പുലിഭീതിയിൽ ജനങ്ങൾ സിസിടിവി ദൃശ്യങ്ങൾ  പുറത്തു വന്നതോടെ വനം വകുപ്പ് പരിശോധനയ്ക്ക് എത്തി

തൃശ്ശൂർ: പുലിപ്പേടിയിലാണ് ചാലക്കുടിയിലെ ജനങ്ങൾ. പുലിയുടേതിന് സമാനമായ ജീവി നടന്ന് നീങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് വനം വകുപ്പ് പരിശോധനയ്ക്ക് എത്തിയത്. ചാലക്കുടി സൗത്ത് ബസ് സ്റ്റാൻഡിനോടുചേർന്ന ഭാഗത്തുകൂടി പുലി നടന്നുനീങ്ങുന്ന ദൃശ്യമാണ് പുറത്തു വന്നത്. ടൗണിന് സമീപത്തെ ഒരു വീട്ടിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. ചാലക്കുടി സൗത്ത് ബസ് സ്റ്റാൻഡിന് തൊട്ടടുത്ത് കണ്ണമ്പുഴ ക്ഷേത്രം റോഡിൽ താമസിക്കുന്ന അയനിക്കാട്ട് മഠം രാമനാഥൻ എന്നയാളുടെ വീട്ടിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് പുലിയെന്ന് സംശയിക്കുന്ന മൃഗത്തിന്റെ ദൃശ്യം പതിഞ്ഞത്. രാമനാഥനും ഭാര്യയും മാത്രമാണ് ഇവിടെ താമസിക്കുന്നത്. ഇവരുടെ വിദേശത്തുള്ള മകനാണ് ബുധനാഴ്ച രാവിലെ സിസിടിവി ദൃശ്യങ്ങൾ മൊബൈൽ ഫോൺ ആപ്പ് വഴി കാണുകയും അവ മാതാപിതാക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്തത്.


ഈ മാസം 24-ാം തീയതി പുലർച്ചെയാണ് ഈ ദൃശ്യം ക്യാമറയിൽ പതിഞ്ഞത്. ഇക്കാര്യം ഇവർ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ക്യാമറയിൽ കണ്ടത് പുലിയെത്തന്നെയാണെന്ന് സ്ഥിരീകരിച്ചു. നേരത്തേ കൊരട്ടിയിൽ കണ്ട പുലി തന്നെയാവാം ഇതെന്നാണ് നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. പ്രദേശത്ത് പോലീസിന്റെയും ഹൗസിങ് ബോർഡിന്റേയുമായി രണ്ട് സ്ഥലങ്ങൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും അവ കാടുപിടിച്ച് കിടക്കുകയാണെന്നും പ്രദേശ വാസികൾ പറഞ്ഞു. പ്രദേശത്ത് തെരുവ് നായ്ക്കൾ വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ട്. പുലിയുടേതെന്ന് സംശയിക്കുന്ന ജീവിയുടെ കാൽപ്പാടുകളും കണ്ടെത്തിയിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: